വടകര: അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഏറാമല ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയായ കല്ലറക്കാവ് മലയില്‍ ഭിന്നശേഷിക്കാരിയായ ഇന്ദിരയും കുടുംബവും. ഇന്ദിരയും രണ്ട് മക്കളും മകളുടെ മകനുമടക്കം വീട്ടിലെ നാലുപേരും കാഴ്ച വൈകല്യമുള്ളവരാണ്. കാലങ്ങളായി പുറത്ത് പോകാനും വരാനും നല്ലൊരു വഴിയില്ലാതെ ഇവര്‍ പ്രയാസപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ആവശ്യമായ യാതൊരു നടപടിയും ജനപ്രതിനിധികളില്‍ നിന്നടക്കം ഇന്നുവരെ ഉണ്ടായിട്ടില്ല.
50 മീറ്റര്‍ മാത്രമാണ് റോഡിലേക്കെത്താന്‍ ദൂരം ഉള്ളുവെങ്കിലും സാധാരണ വ്യക്തികള്‍ക്ക് പോലും പകല്‍ സമയങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുന്ന വഴിയിലൂടെയാണ് കാഴ്ച്ചയില്ലാത്ത ഇവര്‍ നാലുപേര്‍ക്കും ആശുപത്രിയിലും സ്കൂളിലേക്കുമടക്കം പോകേണ്ടിവരുന്നത്. കുത്തനെ ഉള്ള വഴി മഴക്കാലമായാല്‍ വെള്ളമൊലിച്ചും യാത്ര ചെയ്യാന്‍ കഴിയാത്ത രൂപത്തിലുമാകും. കൂര്‍ത്ത കല്ലുകളുള്ളതിനാല്‍ കാഴ്ചയില്ലാത്ത ഇവര്‍ക്ക് പുറത്തിറങ്ങാനും മകളുടെ മകന് സ്കൂളില്‍ പോകാനും വരാനുമുള്പ്പെടെ മറ്റു വ്യക്തികളുടെ സഹായം കൂടിയേതീരൂ.
ഈ കുടുംബത്തിന്റെ പ്രശ്നം ദിവ്യാംഗരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ ഇവിടം സന്ദര്‍ശിച്ചു. സക്ഷമ ഏറാമല ഉപസമിതി പ്രസിഡന്റ് മലപ്പങ്ങാട്ട് മോഹനനും സെക്രട്ടറി കെ.കെ. രമേശനും ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് ഇന്ദിരയുടെയും കുടുംബത്തിനും സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കി കൊടുക്കേണ്ട കാര്യം ബോധിപ്പിക്കുകയും വഴി യാത്ര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്ത ഭരണ സമിതി യോഗത്തില്‍ പ്രശ്നം ചര്‍ച്ചക്ക് വച്ച് വേണ്ട നടപടികള്‍ ചെയ്യാമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: