ഇടുക്കി: മൂന്നാറില്‍ നിന്ന് പിടിവിടാതെ വന്‍കിട ഭൂമാഫിയ സംഘങ്ങള്‍. കെഡിഎച്ച് (കണ്ണന് ദേവന് ഹില്‍സ്) വില്ലേജില്‍ മാത്രം വ്യാജ രേഖകള്‍ ഉപയോഗിച്ച് നൂറിലധികം കൈയേറ്റങ്ങള്‍ നടന്നതായാണ് ജില്ലാ കളക്ടര്‍ നിയോകിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക നിഗമനം. വ്യാജ കൈവശ അവകാശ രേഖകള്‍ ചമച്ച് നല്കി ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു.
സംഭവത്തില്‍ അഞ്ച് റവന്യൂ ജീവനക്കാരെ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് വലിയ തോതിലുള്ള ഭൂമി തിരിമറി നടന്നിരിക്കുന്നത്. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കും. അതേ സമയം അനധികൃതമായി നല്കിയ കൈവശ രേഖ റദ്ദുചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. ഗുരുതര കൃത്യവിലോപം കാണിച്ചതിന് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാനും നീക്കമുണ്ട്. ദേവികുളം തഹസീല്‍ദാര്‍ നടത്തിയ അന്വേഷണത്തിലും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലുമാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
എത്ര ഏക്കര്‍ ഇത്തരത്തില്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇൗ സ്ഥലങ്ങളില്‍ പലയിടത്തും കെട്ടിടങ്ങളും ഉയര്‍ന്ന് കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് രേഖ റദ്ദുചെയ്യാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം അതിവേഗം മുന്നോട്ടുപോകുന്നത്.
2018 മുതല്‍ നല്കിയ രേഖകളാണ് നിലവില്‍ പരിശോധിച്ചത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ റവന്യൂ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും മൂന്നാറിലെ മറ്റു പ്രദേശങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. നിലവിലെ സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം മൂന്നാറിലെ കൈയേറ്റങ്ങള്‍ക്ക് ഒത്താശപാടുന്ന ഇടത് വലത് നേതൃത്വങ്ങള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മുമ്പ് ഇത്തരത്തില്‍ കര്‍ശന നടപടി എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധവും ഭീഷണിയുമായി സിപിഎം തന്നെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: