ഇടുക്കി: ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (വാപ്കോസ്) ലഭിച്ചു. ഇതു സംബന്ധിച്ചുള്ള ബോര്‍ഡ് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി കെഎസ്ഇബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എഞ്ചിനീയറാണ് 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചത്.
സ്വിറ്റ്സര്‍ലാന്റ് കമ്പനിയടക്കം നാല് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം നിലനിര്‍ത്തി കുറഞ്ഞ തുകയായ എട്ടരക്കോടി രേഖപ്പെടുത്തിയത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്കോസാണ്. പുതിയ പവര്‍ഹൗസിന്റെ സ്ഥാനം, നിര്‍മാണ ചെലവ,് ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉദ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങി എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്.
വാണിജ്യ സാധ്യത റിപ്പോര്‍ട്ട് ഒരു മാസത്തിനകവും സാധ്യത പഠന റിപ്പോര്‍ട്ട് 4 മാസത്തിനകവും സമര്‍പ്പിക്കണം. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (ഡിപിആര്‍)പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും 18 മാസത്തിനകവും സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
കെഎസ്ഇബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആര്.റെജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇടുക്കി എക്സ്റ്റെന്ഷന് സ്ക്കീം സംബന്ധിച്ച് പഠനം നടത്തിയത്. മണ്‍സൂണ്‍ സീസണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കികളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും ഇടുക്കി എക്സ്റ്റെന്ഷന് സ്ക്കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ സമീപനാളിലെ കെഎസ്ഇബി യുടെ ഏറ്റവും ബൃഹത്തായ പദ്ധതിയായി ഇതു മാറുമെന്നാണ് കരുതപ്പെടുന്നത്. 2500 കോടിയോളം രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: