കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിനെച്ചൊല്ലി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേരാനിരുന്ന ജില്ലാ കമ്മിറ്റി യോഗം ഇബ്രാഹിം കുഞ്ഞ് അനുകൂലികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി.
ഇബ്രാഹിം കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസിനെയും ഒഴിവാക്കികൊണ്ടാണ് ഇന്നലെ ചേരാനിരുന്നത്. ഈ യോഗമാണ് മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞത്. എറണാകുളം മാര്‍ക്കറ്റ് റോഡ് ജങ്ഷനിലെ സി.എച്ച്. മുഹമദ് കോയ സ്മാരക ലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു യോഗംനിശ്ചയിച്ചിരുന്നത്. ജില്ലാ പ്രഡിഡന്റ് കെ.എം. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലാണു യോഗം ചേരാനിരുന്നത്.
18 അംഗ ജില്ലാ ഭാരവാഹികളില്‍ ഭൂരിഭാഗവും യോഗത്തിന് എത്തി. എന്നാല്‍, യോഗം മാറ്റിവയ്ക്കണമെന്നും സംസ്ഥാന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചേരാവൂയെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവസാന നിമിഷം, യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവക്കുകയായിരുന്നു. വി.ഇ അബ്ദുള്‍ ഗഫൂറിനും ജില്ലാ വൈസ് പ്രസിഡന്റ് ടി.എം അബ്ബാസിനുമെതിരായ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനാണ് എതിര്‍വിഭാഗം ജില്ലാ കമ്മിറ്റി യോഗം വിളിച്ചെതെന്നാണ് പറയുന്നത്.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിം കുഞ്ഞ് പണം നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന കത്ത് നല്കാന് ഗിരീഷ് ബാബുവിനോട് അബ്ദുല്‍ ഗഫൂറും അബ്ബാസും ആവശ്യപ്പെട്ടതായാണ് എതിര് വിഭാഗത്തിന്റെ ആരോപണം.
കത്ത് നല്കാന് പ്രതിഫലമായി അഞ്ച് ലക്ഷം രൂപയായിരുന്നു ഗിരീഷ് ബാബുവിന് വാഗ്ദാനം. അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വച്ചാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് ജില്ലാ ഭാരവാഹികള്‍ മെയ് 26ന് സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ആരോപണവിധേയരെ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എതിര് വിഭാഗം തീരുമാനിച്ചത്.
ഇങ്ങനെ യോഗം നടത്തിയാല്‍ തടയുമെന്ന് ഇബ്രാഹിം കുഞ്ഞ് വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണു സംസ്ഥാന കമ്മിറ്റി ഇടപെട്ടതെന്നാണു വിവരം.ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തതെന്ന പരാതിയില്‍ വിജിലന്‍സ് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: