ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചത്. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി ഗാല്‍വന്‍ താഴ്വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നും റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച വിവരം മാത്രമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഘര്‍ഷത്തിന്റെ ഭാഗമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും സേന വ്യക്തമാക്കി. കല്ലേറും മറ്റുരീതിയിലുള്ള ഏറ്റുമുട്ടലുമാണ് ഉണ്ടായത്. ഇതാണ് സൈനികരുടെ മരണത്തിന് കാരണമായത്. കഴിഞ്ഞ ദിവസം നടന്ന സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: