കോട്ടയം: വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്താലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒട്ടെറെ കടമ്പകള്‍ കടക്കേണ്ടിവരും. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നില്ക്കുന്നതിനാല് വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പിന്റെ അനുമതി കിട്ടുക പ്രയാസമായിരിക്കും. തര്‍ക്കമുള്ള ഭൂമിയില്‍ വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പ് അനുമതി കൊടുക്കാറില്ല. കൂടാതെ ചെറുവള്ളി എസ്റ്റേറ്റില്‍ വനഭൂമി ഉള്‍പ്പെട്ടിട്ടുളളതും തിരിച്ചടിയാണ്. കേന്ദ്ര വനനിയമം അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഈ തടസങ്ങള്‍ മാറ്റിയെങ്കില്‍ മാത്രമെ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കൂ.
എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ കോട്ടയം കളക്ടര്‍ പാലാ കോടതിയില്‍ നല്‍കിയിരിക്കുന്ന സിവില്‍ കേസിന് സമാന്തരമായിട്ടാണ് സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് നിലവില്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ്. ഇത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സിവില്‍ കേസ് നല്‍കിയത്. എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലെ നിയമ പോരാട്ടങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവയ്ക്കുകയോ അല്ലാതെയോ കൊടുക്കുമ്പോള്‍, ഭൂമി സര്‍ക്കാരിന്റെതാണെന്ന വാദത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ സ്വയം പിന്മാറുകയാണെന്ന സംശയം ജനിപ്പിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ മറ്റ് ഭൂമികേസുകളെയും ഇത് ബാധിച്ചേക്കാം. അതിനാല്‍ ഒരു രൂപ പോലും നല്‍കാതെ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ തോട്ടഭൂമിയാണെന്നാണ് ബിലിവേഴ്സ് ചര്‍ച്ചിന്റെ വാദം. എന്നാല്‍ 116/1സി എന്ന എന്ന സര്‍വ്വേ നമ്പരില്‍ റവന്യു സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം എസ്റ്റേറ്റ് വനഭൂമിയാണെന്നാണ് കാണിക്കുന്നതെന്ന് ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു. പുറമ്പോക്ക് ഭൂമിയും എസ്റ്റേറ്റിലുണ്ട്. കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അവകാശം ഉന്നയിച്ചിരുന്നു. നൂറേക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റെതാണെന്നും അത് ശബരിമലയുടെ വികസനത്തിനായി വിട്ട് തരണമെന്നുമാണ് അന്നത്തെ ബോര്‍ഡ് ആവശ്യപ്പെട്ടത്.എന്നാല്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ബിലിവേഴ്സ് ചര്‍ച്ച് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളിക്കളയുകയും ചെയ്തു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ഒന്നിലേറെപേര്‍ അവകാശം ഉന്നയിക്കുന്ന ഭൂമിയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുക അത്ര എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: