ന്യൂദല്‍ഹി: രാജ്യത്തെ അഞ്ച് നഗരങ്ങല് കേന്ദ്രീകരിച്ചാണ് നിലവില്‍ വൈറസ് വ്യാപനം ശക്തമാകുന്നതെന്ന് റിപ്പോര്‍ട്ട്. മുംബൈ, ദല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമാകുന്നത്. രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലും ഗുജറാത്തില്‍ അഹമ്മദാബാദിലുമാണ് കൂടുതല്‍.
രാജ്യത്തെ വൈറസ് ബാധിതരില്‍ നാലില്‍ മൂന്ന് അതായത് 75 ശതമാനവും മഹാരാഷ്ട്ര, ദല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ്. ഒരാഴ്ചയായി 3000ലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തമിഴ്നാട്ടില്‍ രണ്ടായിരത്തോളവും ദല്‍ഹിയില്‍ രണ്ടായിരത്തിലധികവും പേര്‍ക്ക് ദിനംപ്രതി വൈറസ് ബാധ സ്ഥിരീകരിക്കുന്നു.
എന്നാല്‍, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ദല്‍ഹിയിലും മുംബൈയിലുമാണെന്നത് ആശ്വാസമേകുന്നു. 38.36 ശതമാനമാണ് ദല്‍ഹിയിലെ രോഗമുക്തി നിരക്ക്. മുംബൈയില്‍ 45.65 ശതമാനവും. ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന ന്യൂയോര്‍ക്കിലെ രോഗമുക്തിനിരക്ക് 21.23 ശതമാനം മാത്രം.
മഹാരാഷ്ട്രയില്‍ 3,390 പേര്‍ക്ക് കൂടി വൈറസ് ബാധ
കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകിരച്ചത് 3,400ഓളം പേര്‍ക്ക്. 120 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ ബാധിതര്‍ 1,07,958. മരണം 3,950.
മുംബൈയില്‍ മാത്രം 1,395 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 58,226. 62 പേര് കൂടി മരിച്ചതോടെ മുംബൈയിലെ ആകെ മരണം 2,182 ആയി. ബാധിതരില്‍ 50 ശതമാനത്തോളം പേര്‍ക്കും രോഗമുക്തി നേടാനായത് സംസ്ഥാനത്തിന് ആശ്വാസമേകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 50,978 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 53,017 പേര് ചികിത്സയിലുണ്ട്. ആറര ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
വൈറസ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിലെ നാലിടങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് 19 മുതല്‍ 30 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ ജില്ലകളില്‍ അനുവദിക്കുക. വൈറസ് വ്യാപന നിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് ജില്ലകളില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1,843 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 46,504. ആകെ മരണം 479. 20,678 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവര്‍ 25,344.
ഗുജറാത്തില്‍ രണ്ടാഴ്ച കൊണ്ട് 29 ശതമാനം വര്‍ധന
വൈറസ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഗുജറാത്തിലുണ്ടായത് 29 ശതമാനത്തിന്റെ വര്‍ധന. ജൂണില്‍ മാത്രം 6,766 പേര് വൈറസ് ബാധിതരായി. ആകെ മരണത്തിന്റെ 30 ശതമാനവും ജൂണിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 511 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 334 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. സൂററ്റ്-72, വഡോദര-42, സുരേന്ദ്രനഗര്‍-ഒമ്പത് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വൈറസ് ബാധിതര്‍. സംസ്ഥാനത്തെ ആകെ ബാധിതര്‍ 23,544. ആകെ മരണം 1,478. ഇതില്‍ 22ഉം അഹമ്മദാബാദിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 442 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 16,333.
ദല്‍ഹിയില്‍ പുതിയ വൈറസ് ബാധിതര്‍ 2,224
തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് 2,224 പേര്‍ക്ക്. ദല്‍ഹിയില്‍ ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം. 56 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ദല്‍ഹിയിലെ ആകെ ബാധിതര്‍ 41,182. മരണം 1,327. 878 പേര്‍കൂടി രോഗമുക്തരായതോടെ ഇവരുടെ ആകെ എണ്ണം 15,823 ആയി. 242 കണ്ടൈന്റ്മെന്റ് സോണുകളാണ് നിലവില്‍ ദല്‍ഹിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: