തിരുവനന്തപുരം: കൊറോണ രോഗപശ്ചാത്തലത്തിൽ അവഹേളനവാക്കുകളിൽ ഡോക്ടേഴ്സിന്റെ മനോവീര്യം കെടുത്തരുതെന്ന് സംസ്ഥാന മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിർഭാഗ്യകരമായ സംഭവമാണ് കൊറോണ രോഗികളുടെ ആത്മഹത്യ. എന്നാൽ ഇതിനെ മുൻനിർത്തി പകലന്തിയോളം നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഡോക്ടേഴ്സിനെ പഴിചാരുന്നതും അവഹേളനം നടത്തുന്നതും ശരിയല്ല. പരിമിതമായ സൗകര്യങ്ങളിലാണ് മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും പ്രവർത്തനം. വേണ്ട ഡോക്ടേഴ്സിന്റേയും മറ്റ് ജീവനക്കാരുടേയും കുറവ് വ്യാപകമാണ്.
മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരം മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനാവശ്യമായ ഡോക്ടേഴ്സിന്റെ തസ്തികകൾ മാത്രമേ മെഡിക്കൽ കോളേജുകളിലുള്ളൂ. വർധിച്ചുവരുന്ന രോഗികളെ മുന്നിൽ കണ്ടുള്ള ഡോക്ടേഴ്സ് അടക്കമുള്ള ജീവനക്കാരുടെ പാറ്റേണല്ല നടപ്പിലാക്കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ് രോഗികൾക്ക് കൃത്യമായ പരിശോധനയും ചികിത്സയും നൽകുന്നതിലും ബാധിക്കുന്നുണ്ട്. എന്നാൽ ഈ പരിമിതിക്കുള്ളിലും എല്ലാ രോഗികൾക്കും ചികിത്സ ലഭിക്കുന്നവിധം പകലന്തിയോളം ആത്മാർഥമായിട്ടാണ് ഡോക്ടേഴ്സ് സേവനമനുഷ്ഠിക്കുന്നത്.
ഇത്തരത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടേഴ്സിനെതിരെ പലയിടത്തും നിന്നുള്ള അവഹേളന പ്രതികരണങ്ങൾ ഡോക്ടേഴ്സിനെ അസ്വസ്ഥരാക്കുന്നതിന് പുറമെ തങ്ങളുടെ ദൗത്യത്തിൽ മനോവീര്യം കെടുത്തുമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ. സുരേഷ് ബാബു, സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: