തൃശ്ശൂര്‍: കൊറോണയും ലോക് ഡൗണിനെയും തുടര്‍ന്ന് താളംതെറ്റിയ ജീവിതവുമായി കലാകാരന്മാര്. പ്രളയത്തിനു ശേഷം എത്തിയ കൊറോണ അക്ഷരാര്‍ത്ഥത്തില്‍ കലാകാരന്മാരുടെയും നൃത്ത-സംഗീത കലാ പരിശീലകരുടെയും ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചതോടെ കലാ പരിശീലകര്‍ കടുത്ത ദുരിതത്തിലാണ്.
ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയ വരില്‍ ഒരു വിഭാഗമാണ് നൃത്ത- സംഗീത അധ്യാപകരും കലാകാരന്മാരും. 2018ലെ പ്രളയത്തോടെ പ്രതിസന്ധിയെ നേരിട്ടുകണ്ടിരിക്കുന്ന കലാ പരിശീലകര്‍ക്ക് മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് കൊറോണ കാലം. കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗ്ഗം. മാസങ്ങളായി വരുമാനം കിട്ടാതായതോടെ പല കലാകാരന്മാരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ സ്റ്റേജ് പരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഇത്തവണ നൃത്ത -സംഗീത രംഗത്തെ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് സ്കൂള്‍ കലോത്സവങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മുതല്‍ കലാപരിശീലകരുടെ താളപ്പിഴ ആരംഭിച്ചു. തൊട്ടുപിറകെ കൊറോണ കൂടി എത്തിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകള്‍ വാര്‍ഷികാഘോഷങ്ങള്‍ ഉപേക്ഷിച്ചത് നൃത്ത-സംഗീത പരിശീലകര്‍ക്ക് കനത്ത തിരിച്ചടിയായി. ഇതിന് പുറമേ കുട്ടികളുടെ അരങ്ങേറ്റവും വേനലവധി ക്ലാസ്സുകളും നടത്താനാകാതെ വന്നതും ഇവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഇല്ലാതാക്കി. കലാ പരിശീലനം കൊണ്ട് ഉപജീവനം നടത്തുന്ന 90% അദ്ധ്യാപകരുടെയും ജീവിതം വഴിമുട്ടിയ നിലയിലാണ്. ഇപ്പോഴത്തെ ദുരിത കാലത്തെ എങ്ങനെ മറികടക്കണം എന്നറിയാതെ ആശങ്കയിലാണ് കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.
നൃത്ത അധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഓര്‍ക്കസ്ട്ര ടീമുകള്‍, അടയാഭരണങ്ങള്‍ തയ്യാറാക്കുന്നവര്‍ തുടങ്ങിയവരും ദുരിതത്തിലാണ്. ഉപാധികളോടെ നൃത്ത-സംഗീത പരിശീലനം ആരംഭിക്കാന്‍ അനുവാദം നല്‍കണം എന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. കൊറോണ ചട്ടങ്ങള്‍ പ്രകാരം സാമൂഹിക അകലം പാലിച്ച് ക്ലാസ് എടുക്കുവാന്‍ അനുമതി നല്‍കണമെന്നാണ് കലാപരിശീലകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് കലാപരിശീലകര്‍ പറയുന്നു. പട്ടിണിയിലേക്ക് നീങ്ങുന്ന കുടുംബങ്ങളെ സംരക്ഷിക്കാന്‍ കലാ പരിശീലനം പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൃത്ത-സംഗീത അധ്യാപകര്‍ അടക്കമുള്ള കലാകാരന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: