കൊട്ടാരക്കര: പ്രഷ്യസ് ഡ്രോപ്സ് രക്തദാനവാരാചരണത്തിന് തുടക്കമായി. ലോക രക്തദാതൃദിനമായ ഇന്നലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രക്തദാന പരിപാടിക്കാണ് തുടക്കം കുറിച്ചത്.
കൊട്ടാരക്കര ഗവ: ആശുപത്രി ബ്ലഡ്ബാങ്കും സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുമായി സഹകരിച്ചാണ് ഇത്തവണത്തെ രക്തദാനവാരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രക്തദാനത്തിനു സന്നദ്ധരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് പ്രഷ്യസ് ഡ്രോപിസിനു വേണ്ടി രക്തദാനത്തിന് തയ്യാറായത്.
ഇരുപത്തി അഞ്ചാമത്തെ രക്തദാനത്തിലൂടെ സന്നദ്ധ രക്തദാനത്തില്‍ രജത ജൂബിലി ആഘോഷിച്ചുകൊണ്ട് പ്രഷ്യസ് ഡ്രോപ്സ് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകയും ജില്ലാ പഞ്ചായത്തംഗവുമായ ആര്. രശ്മി രക്തദാതൃദിനാചരണവും രക്തദാനവാരവും ഉദ്ഘാടനം ചെയ്തു. പതിനെട്ടു വര്‍ഷം മുമ്പ് രക്തദാനം നിര്‍വഹിക്കാനായി സ്ത്രീയായ താന്‍ കടന്നു ചെന്നപ്പോള്‍ അവിശ്വസനീയതയോടെയാണ് ആളുകള്‍ അതിനെ കണ്ടതെന്ന് രശ്മി പറഞ്ഞു. പില്ക്കാലത്ത് നിരവധി സ്ത്രീകള്‍ക്ക് രക്തദാന രംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനം നല്‍കാനും കഴിഞ്ഞതായി രശ്മി കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ രക്തദാതാക്കളെ സമയക്രമം നല്കി ഏഴു ദിവസങ്ങളിലായി ബ്ലഡ് ബാങ്കിലെത്തിക്കാനാണ് പ്രഷ്യസ് ഡ്രോപ്സിന്റെ പദ്ധതി. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്‍കുന്നുണ്ട്.
അടിയന്തരഘട്ടങ്ങളില്‍ രക്തദാതാക്കളെ ക്രമീകരിക്കുന്നതു കൂടാതെയാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രഷ്യസ് ഡ്രോപ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ്കുമാര്‍, അഡൈ്വസര്‍ ടി. രാജേഷ്, പ്രശാന്ത് മൈലംകുളം, അക്ഷയ് കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: