അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തില്‍ നടത്തുന്ന ഓരോ ഇടപെടലും ഇന്ന് കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വെല്ലുവിളികളുടെ കൂടി പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. നിലനില്‍പ്പിനായി പരിസ്ഥിതി സംരക്ഷണവും പുനഃസ്ഥാപനവും അനിവാര്യമാണെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന വേളയില്‍ പശ്ചിമഘട്ടത്തിലെ 140 ഹെക്ടര്‍ കാട് ഇല്ലാതാക്കുന്നത് ആത്മഹത്യാപരമാണ്.ഗുരുതര പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങളുടെ പേരിലാണ് 30 വര്‍ഷമായി ജനങ്ങള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നത്.
1. പാരിസ്ഥിതികാഘാതങ്ങള്‍, ആദിവാസികള്‍, വനാവകാശനിയമം
ചാലക്കുടിപ്പുഴയുടെ ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളില്‍ സിംഹഭാഗവും മനുഷ്യരുടെ ഇടപെടല്‍ മൂലം നഷ്ടമായി. പെരിങ്ങല്‍ക്കുത്തിനു മുകളില്‍ പുഴയും റിസര്‍വോയറുകളുടെ ഒരു ചങ്ങലയായി മാറിയിരിക്കുന്നു. ഇന്നു വന്യജീവികള്‍ക്ക് സഞ്ചാരപഥമൊരുക്കുന്നതിലും വന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിലും വാഴച്ചാലിനു സവിശേഷ പ്രാധാന്യമുണ്ട്.
140 ഹെക്ടര്‍ കാട് നഷ്ടപ്പെടുന്നു. ഇതില്‍ അതീവപ്രാധാന്യമുള്ള 28.4 ഹെക്ടര്‍ പുഴയോര കാടുകളും ഉള്‍പ്പെടുന്നു.
പറമ്പിക്കുളത്തിനും പൂയ്യംകുട്ടിക്കുമിടയില് ആനകളുടെ പ്രധാന സഞ്ചാരപഥം മുങ്ങിപ്പോകുന്നു.
ഇന്ത്യയില്‍ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴകളിലൊന്നാണ് ചാലക്കുടിപ്പുഴ. ഇവിടെനിന്നും പുതുതായി കണ്ടെത്തിയ അഞ്ചിനം മത്സ്യങ്ങളില്‍ രണ്ടെണ്ണം കണ്ടെത്തിയത് വാഴച്ചാലില്‍ നിന്നാണ്.
വേഴാമ്പലുകള്‍ ഉള്‍പ്പെടെ 260 ലധികം ഇനം പക്ഷികളും അപൂര്വശലഭങ്ങളും കാണപ്പെടുന്ന പ്രദേശം.
ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരി രംഗന് കമ്മിറ്റിയും പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ മേഖല.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ വാഴച്ചാല്‍, പൊകലപ്പാറ കോളനികളിലെ 90 കാടര്‍ ആദിവാസി കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരും. വനാവകാശനിയമ പ്രകാരം കമ്യൂണിറ്റി റിസോഴ്സ് റൈറ്റ് ലഭിച്ച ആദിവാസികളുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല.
2. ജല ലഭ്യത, വൈദ്യുതി ലഭ്യത
163 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കാവശ്യമായ ജലം ചാലക്കുടിപ്പുഴയില്‍ ലഭ്യമല്ല. പദ്ധതിക്കായുള്ള ശരാശരി വാര്‍ഷിക ജല ലഭ്യത വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം 1100 ദശലക്ഷം ഘനമീറ്ററുമാണ്. ഇതില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ നിലവില്‍ പെരിങ്ങല്‍ക്കുത്ത് ജലാശയത്തില്‍ നിന്നും ഇടമലയാറിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങള്‍ക്കായി പ്രതിവര്‍ഷം 241 ദശലക്ഷം ഘനമീറ്റര്‍ ജലം മാറ്റിവയ്ക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ബാക്കി ജലത്തില്‍ അതിരപ്പിള്ളി അണക്കെട്ടില്‍ നിന്നുണ്ടാകാവുന്ന പ്രളയജലം കൂടി കണക്കിലെടുത്താല്‍ 160 മെഗാവാട്ടിന്റെ പ്രധാന പവര്‍ഹൗസിനു ശരാശരി 500 ദശലക്ഷം ഘനമീറ്ററിനടുത്ത് ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് 17 ശതമാനത്തോളം വൈദ്യുതി ഉല്‍പ്പാദനം മാത്രമേ സാധ്യമാകൂ.
90 ശതമാനം വര്‍ഷങ്ങളിലും ചുരുങ്ങിയത് 212 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും. ശരാശരി 349 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാവും ലഭിക്കുകയെന്നുമാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. നിലവില്‍ ഇടമലയാറിലേക്ക് തിരിച്ചുവിടുന്ന വെള്ളം നിര്‍ത്തലാക്കി അതുകൂടി അതിരപ്പിള്ളി പദ്ധതിക്കായി ലഭ്യമാക്കുമെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ 20 ലേറെ വര്‍ഷമായുള്ള ഓരോ ദിവസത്തേയും ജലലഭ്യതയെ സംബന്ധിച്ച വൈദ്യുതി ബോര്‍ഡിന്റെ തന്നെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിരപ്പിള്ളിയില്‍ അവര്‍ അവകാശപ്പെടുന്ന വൈദ്യുതി ലഭിക്കില്ലെന്നും വ്യക്തം. ഇടമലയാറിലേക്ക് തിരിച്ചുവിടുന്നത് നിര്‍ത്തലാക്കിയാല്‍ അവിടെ ശരാശരി പ്രതിവര്‍ഷം 70 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകും, അതിരപ്പിള്ളിയില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍നിന്നും ഇടമലയാറിലുണ്ടാകുന്ന ഉല്‍പ്പാദന നഷ്ടം കുറച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വൈദ്യുതി ലഭ്യത കണക്കാക്കാനാകൂ.
3. സാമ്പത്തിക വശം
2000 ഡിസംബറില്‍ 414.22 കോടി രൂപയ്ക്ക് നിര്‍മാണ കരാര്‍ നല്കാന് തീരുമാനിച്ച പദ്ധതിക്ക് 2005 മാര്‍ച്ചില്‍ 359.5 കോടി രൂപയെന്ന കുറഞ്ഞ തുക കാണിച്ചാണ് സാങ്കേതിക-സാമ്പത്തിക അനുമതി നേടിയെടുത്തത്. എന്നാല്‍ 2005 ഒക്ടോബറില്‍ 570 കോടി രൂപയ്ക്ക് നിര്‍മാണ കരാര്‍ നല്കാന് ബോര്‍ഡ് തീരുമാനിച്ചു. ഈ നിരക്കില്‍ പ്രതിവര്‍ഷം 10 ശതമാനത്തിന്റെ വര്ദ്ധനവുണ്ടാകുമെന്നു കണക്കാക്കിയാല്‍ ഇന്നത്തെ പദ്ധതി ചെലവ് 1625 കോടി രൂപയാകും. (എട്ട് ശതമാനം വര്ധനവാണെങ്കില്പ്പോലും 1330 കോടി രൂപയാകും). വൈദ്യുതി ലഭ്യത തീരെ കുറവും പദ്ധതി ചെലവ് ഉയര്‍ന്നതുമായതിനാല്‍ ഇവിടെ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപയെങ്കിലുമാകാം.
4. ജലപാതങ്ങള്‍, ജലസേചനം, ഇടമലയാര്‍
വാഴച്ചാലില്‍ ഇന്നൊഴുകിയെത്തുന്ന ജലം പൂര്‍ണമായും അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങളിലൂടെയാണ് ഒഴുകുന്നത്. അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഇത് രണ്ടായി പങ്കുവയ്ക്കപ്പെടും. ഇതില്‍ 78 ശതമാനം പ്രധാന പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനത്തിനായി ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്നും ബാക്കി 22 ശതമാനം മാത്രമാണ് ജലപാതങ്ങള്‍ക്ക് ലഭ്യമാകുകയെന്നുമാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍. ഇത് ജലപാതങ്ങളുടെ സൗന്ദര്യത്തെയും ബാധിക്കും. വേനല്‍ക്കാലത്ത് നിലവില്‍ പകല്‍ ശരാശരി സെക്കന്റില്‍ 13.25 ഘനമീറ്റര്‍ ജലമൊഴുകുന്നതെന്ന് ബോര്‍ഡിന്റെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു. മഴക്കാലത്ത് ഇത് 50 മുതല്‍ 100 ഘനമീറ്റര്‍ വരെയാണ്. എന്നാല്‍ വര്‍ഷം മുഴുവന്‍ സെക്കന്റില്‍ 7.65 ഘനമീറ്റര്‍ (7650 ലിറ്റര്‍)വെള്ളം മാത്രമാണ് ഇവര്‍ തുറന്നുവിടണമെന്ന് പറയുന്നത്.
12 ലക്ഷം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം മേഖലയിലെത്തുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ആദിവാസികളും മറ്റു പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടെയുള്ളവരുടെ ഉപജീവനമാര്‍ഗവും ഉറപ്പുവരുന്നത് ഈ വിനോദസഞ്ചാരമാണ്. ജലപാതങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതോടെ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടാകും.
അതിരപ്പിള്ളി പദ്ധതിക്കായി ഇടമലയാര്‍ ഓഗ്മെന്റേഷന് സ്കീം നിര്‍ത്തലാക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇടമലയാറിലെ ജലലഭ്യതയില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്ററിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തില്‍ 70 ദശലക്ഷം യൂണിറ്റിന്റെയും കുറവുണ്ടാകും. പെരിങ്ങല്‍ക്കുത്തില്‍ നിന്നും മഴക്കാലത്ത് കൊണ്ടുപോകുന്ന വെള്ളം ഇടമലയാറില്‍ സംഭരിച്ച് അത് മിക്കവാറും വേനല്‍ക്കാലത്ത് ഉപയോഗിക്കുകയുമാണ് പതിവ്. ഈ ജലം ഇല്ലാതാകുന്നതോടെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയെ ഗുരുതരമായി ബാധിക്കും. ഇത് പെരിയാറില്‍ നിന്നുള്ള കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ബാധിക്കും. ഒപ്പംതന്നെ വ്യവസായങ്ങളെയും.
5. വൈദ്യുതി ആവശ്യവും ലഭ്യതയും
ഇന്ത്യയില്‍ ഇന്ന് വൈദ്യുതി ലഭ്യത ആവശ്യകതയേക്കാള്‍ അധികമാണ്. അതിനാല്‍ തന്നെ യൂണിറ്റിന് മൂന്നും നാലും രൂപയ്ക്ക് ഇന്ന് ധാരാളം വൈദ്യുതി മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ വേനലില്‍ കേരളത്തിലെ പ്രതിദിന ശരാശരി ഡിമാന്റ് 76 ദശലക്ഷം യൂണിറ്റിനടുത്തായിരുന്നു. കേന്ദ്രവിഹിതമായി ലഭിക്കുന്ന 32-35 ദശലക്ഷം യൂണിറ്റിനു പുറമെ കുറഞ്ഞ വിലയ്ക്ക് 20-22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിവസവും വാങ്ങിയാണ് ഈ ആവശ്യം നിറവേറ്റിയത്. അതിനാല്‍ തന്നെ യൂണിറ്റിന് 7.25 രൂപ വിലവരുന്ന കായംകുളം ഉള്‍പ്പെടെയുള്ള താപനിലയങ്ങളെ ഒട്ടും ആശ്രയിക്കാതെ തന്നെ നമ്മുടെ വൈദ്യുതി ആവശ്യകത പൂര്‍ണമായി നിറവേറ്റാനായി. വൈദ്യുതി യൂണിറ്റിന് 3.60 രൂപ മുതല്‍ 4.29വരെ രൂപ നിരക്കില്‍ വാങ്ങുവാനുള്ള കരാറില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടു കഴിഞ്ഞു. ഇതോടെ സമീപഭാവിയിലൊന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നു മാത്രമല്ല അടുത്ത ചില വര്‍ഷങ്ങളിലെങ്കിലും അധിക വൈദ്യുതി എന്തുചെയ്യണം എന്നു ചിന്തിക്കേണ്ട സാഹചര്യം കൂടിയുണ്ടാകും. അങ്ങനെയിരിക്കെ യൂണിറ്റിന് 15 രൂപ വിലയ്ക്ക് കേവലം 200 ദശലക്ഷം യൂണിറ്റ് വൈദ്യുതി നല്കാന് കഴിയുന്ന അതിരപ്പിള്ളി പദ്ധതിക്ക് പിന്നെയെന്താണ് പ്രസക്തി?
(പ്രകൃതി സംരക്ഷണ വേദി ജനറല്‍ കണ്‍വീനറാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: