പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചു.
ഇന്ന് പതിവ് പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടില്ല. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവുകയുള്ളൂ.
ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവില്ല. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ജൂലൈ 15 മുതല്‍ 20 വരെയാണ് കര്‍ക്കടകമാസ പൂജകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: