തിരുവനന്തപുരം: പരിസ്ഥിതി ദുരന്തത്തിന് കാരണമാകുന്ന, സാമ്പത്തികവും ഉത്പാദനപരവുമായി നഷ്ടം മാത്രമുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. ആദിവാസി വിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് 2018 ല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. പക്ഷെ, ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം കൊടുത്തു. ഇടതു സര്‍ക്കാരിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തീവെട്ടിക്കൊള്ള നടത്താന്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ലാവ്ലിന് ഇടപാടാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പദ്ധതിയുടെ മറവില്‍ കോടികള്‍ കമ്മീഷന് വാങ്ങാനാണ് പിണറായി ശ്രമിക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കം എന്തുവില കൊടുത്തും ബിജെപി തടയും. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപിയും പട്ടികജാതി മോര്‍ച്ചയും നേത്യത്വം കൊടുക്കുമെന്നും പി. സുധീര്‍ പറഞ്ഞു.
പ്രതിഷേധ പരിപാടിയില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സ്വപ്നജിത്ത്, വൈസ്. പ്രസിഡന്റ് സന്ദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പാറയില്‍ മോഹനന്, ജി.വൈ. പ്രമേദ്, രതീഷ്, മലവിള രാജേന്ദ്രന്, സുനില്‍ പ്രശാന്ത് തുടങ്ങിയവര്‍ സമരത്തിന് നേത്യത്വം നല്കി.
ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: