ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിച്ചേരുന്നവരെ ക്വാറന്റൈന് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 1.63 ലക്ഷം കിടക്കകള്‍ എവിടെയെന്ന് ചോദ്യം ഉയരുന്നു. മെയ് മാസം ആദ്യമാണ് പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും കിടക്കകളുടെ എണ്ണം വ്യക്തമാക്കി അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തു.
എന്നാല്‍ ഇതെല്ലാം വെറും മേനി പറച്ചിലുകള്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ പ്രവാസികള്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മടങ്ങി വരുന്ന പ്രവാസികളെയെല്ലാം ക്വാറന്റൈന് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കൊട്ടിഘോഷിച്ചതിന്റെ പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രിയും പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെ ഇതുവരെ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്നായിരുന്നു മെയ് ഏഴിലെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തു വിട്ടു. മാദ്ധ്യമങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തി വലിയ വാര്‍ത്തകളാകുകയും ചെയ്തു. എന്നാല്‍ ആവശ്യം വന്നപ്പോള്‍ കിടക്കുകളുമില്ല, ക്വാറന്റൈന് സൗകര്യങ്ങളും പ്രവാസികള്‍ക്ക് അന്യം എന്നതാണ് ദുരവസ്ഥ.
ലക്ഷങ്ങളല്ല, ഏതാനും ആയിരങ്ങള്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പാളി. ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ലക്ഷം കിടക്കകളുടെ സൗകര്യം തട്ടിപ്പ് പ്രഖ്യാപനമാണെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രവാസികള്‍ക്ക് ആദ്യം സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം ക്വാറന്റൈന് എന്നതായിരുന്നു വ്യവസ്ഥ. പിന്നീടിത് ഏഴാക്കി കുറച്ചു. ബാക്കി ദിവസം വീട്ടില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി. എന്നിട്ടുപോലും സര്‍ക്കാര്‍ സൗകര്യം മതിയായില്ല. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും പ്രവാസികളും വീടുകളില്‍ ക്വാറന്റൈന് ചെയ്താല്‍ മതിയെന്നായി സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: