മലപ്പുറം / തൃശൂര്‍: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കൂടിയതോടെ തൃശൂര്‍, മലപ്പുറം ജില്ലകളിലെ സ്ഥിതി വഷളായി. ഇതോടെ ഇവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. തൃശൂരില്‍ മൂന്ന് ആശുപത്രികള്‍ അടച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. തൃശൂര്‍ ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്തീഡ്രലിലും പ്രവേശനം വിലക്കി.
തൃശൂരില്‍ 20 ആരോഗ്യ പ്രവര്‍ത്തകരാണ് രോഗബാധിതരായത്. ഇവര്‍ക്കെല്ലാം രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെയും. തുടര്‍ന്ന് വടക്കേക്കാട്, ഇരിങ്ങാലക്കുട, വെള്ളാനിക്കര ഹെല്‍ത്ത് സെന്ററുകള്‍ അടച്ചു. ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതി പേര് ഒരേ സമയം ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ. റീന നിര്‍ദ്ദേശിച്ചു. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറും.
നിയന്ത്രണ മേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. ജില്ലയില്‍ അസാധാരണ സാഹചര്യമില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാ വര്‍ക്കര്‍ എന്നിവര്‍ക്കാണ് രോഗം. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, പാചക തൊഴിലാളി, ആശാ വര്‍ക്കര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനും കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് ആശുപത്രികളും അടച്ചു.
മലപ്പുറത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 15 പേരില്‍ എട്ടുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര് വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. വിദേശത്ത് നിന്നെത്തുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലയായിട്ടും വേണ്ടത്ര സൗകര്യമൊരുക്കിയിട്ടില്ല. ഇതാണ് രോഗവ്യാപനം കൂടാന്‍ കാരണം. 13,270 പേര് മലപ്പുറത്ത് മാത്രം നിരീക്ഷണത്തിലുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജാണ് ജില്ലയിലെ പ്രധാന കൊറോണ ചികിത്സാകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: