ശില്‍പ്പകല ഭാരത പൈതൃകത്തിന്റെ ഭാഗമാണ്. വിസ്മയങ്ങളുടെ ലോകം തീര്‍ത്ത ശില്‍പ്പികള്‍ നമ്മെ കോരിത്തരിപ്പിക്കും. ഭാവനാവിലാസവും കലാചാതുര്യവും സമ്മേളിച്ചപ്പോഴാണ് നമ്മെ അഭിമാനികളാക്കുന്ന രൂപകല്‍പ്പന പിറവിയെടുത്തത്. തികച്ചും പ്രകൃതിജന്യമായവ തന്നെ തെരഞ്ഞെടുക്കാന്‍ ശില്‍പ്പികള്‍ വളരെ ശ്രദ്ധ ചെലുത്തി. അതുപോലെ എടുത്തുപറയേണ്ടതാണ് അവരുടെ എന്‍ജിനീയറിങ് വൈദഗ്ദ്ധ്യം. ഒരു ഗൃഹമോ കെട്ടിടസമുച്ചയമോ അല്ല അവരുടെ നയന സീമയ്ക്കു വിഷയമായത്. ഒരു വലിയ പ്രദേശം തന്നെ എങ്ങനെ രൂപകല്പന ചെയ്യാം എന്നാണവര്‍ ചിന്തിച്ചത്.
കര്‍ണാടകയിലെ ഹംപി, പട്ടടക്കല്ല്, ഐയോളി, ബേദാമി എന്നിവിടങ്ങളിലെയും മധുരയിലെയും ശുചീന്ദ്രത്തെയും ക്ഷേത്രങ്ങളും നമ്മെ അദ്ഭുതപ്പെടുത്തും. ഹംപിയില്ത്തന്നെ മണ്ണിനടിയില്‍ നിര്‍മിച്ച ക്ഷേത്രവും എടുത്തു പറയേണ്ടതാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള അജന്ത ഗുഹയും എല്ലോറയിലെ ക്ഷേത്രവും മറ്റൊരദ്ഭുതമാണ്.
ഒരു പാറ മുകളില്‍നിന്നു താഴേക്കു പണിതിറക്കിയിരിക്കുകയാണെന്നതാണ് അതിനെ നമ്മുടെ ആദരം നേടുന്ന ദിവ്യവസ്തുവാക്കുന്നത്. എന്നാല്‍, ഇന്ന് ശില്‍പ്പകല എത്രത്തോളം ആദരിക്കപ്പെടുന്നുണ്ട് എന്ന് നാം ആലോചിക്കണം.
ഭാരതീയ പൗരാണിക ശില്പ്പകലയുടെ പുനര്‍സൃഷ്ടി എന്ന വിധത്തില്‍ ശില്‍പ്പകലയില്‍ തഞ്ചാവൂര്‍ ക്ഷേത്ര കലയിലും മറ്റും കാണാന്‍ സാധിക്കുന്ന തരത്തില്‍ അനുസ്മരിപ്പിക്കുന്ന പൈതൃക സ്ഥാനമായ ചെങ്ങന്നൂര്‍ മികവുറ്റ ശില്പ്പികളുടെ സ്ഥാനം കൂടിയാണ്, ശബരിമല ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവപാര്‍വ്വതി ക്ഷേത്രം എന്നിവയുടെ നിര്‍മാണ വൈവിധ്യം പ്രസിദ്ധമാണ്.
ആ പാരമ്പര്യത്തെ പിന്തുടരുന്ന അനേകം ശില്പ്പികളെയും ചെങ്ങന്നൂരില്‍ കാണാന്‍ സാധിക്കും. ശബരിമല ക്ഷേത്രത്തിലെ വിഗ്രഹം നിര്‍മിച്ച തട്ടാവിള കുടുംബത്തിലെ കഴിഞ്ഞ തലമുറയിലെ ശില്‍പ്പിയായ രാജരത്തിനത്തിന്റെ അനേകം ശിഷ്യന്മാരില് ഒരാളാണ് ബാലു എന്ന ബാലകൃഷ്ണന്. ബാലു ശില്പ്പിയുടെ വൈവിധ്യമാര്‍ന്ന ശില്‍പ്പ നിര്‍മിതികള്‍ എടുത്ത് പറയേണ്ടതാണ്. തപസ്യ കലാസാഹിത്യവേദി തിരുവന്‍വണ്ടൂര്‍ സമിതിയുടെ ഉപാധ്യക്ഷനും കൂടിയാണ് ഇദ്ദേഹം.
ഒറ്റക്കല്ലില്‍ തീര്‍ത്ത ചങ്ങലയോട് കൂടിയ ഗണപതി, ഒറ്റക്കല്ലില്‍ തീര്‍ത്ത നാഗസ്വരം, ശിലയിലും പഞ്ചലോഹത്തിലുമായി ചെയ്തിട്ടുള്ള നൂറോളം ഗുരുദേവ വിഗ്രഹങ്ങള്‍, ആയിരക്കണക്കിന് ക്ഷേത്രവിഗ്രഹങ്ങള്‍, അനേകം ക്ഷേത്രങ്ങള്‍, ലോക റെക്കോര്‍ഡില്‍ കയറിയ ബിലീവേഴ്സ് ഹോസ്പിറ്റലിലെ വെങ്കല ശില്പം, ചെങ്ങന്നൂര്‍ ഗാന്ധി പ്രതിമ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങള്‍, ശിലയില്‍ തീര്‍ത്ത മാന്നാര്‍ കുറ്റിക്കാട് ഭുവനേശ്വരി ക്ഷേത്രം, തൃക്കുന്നപ്പുഴ അയ്യപ്പക്ഷേത്രം, കവിയൂര്‍ പടിഞ്ഞാറ്റുശ്ശേരി അയ്യപ്പക്ഷേത്രം, പാവുക്കര ഗുരു ക്ഷേത്രം, മാന്നാര്‍ പാട്ടമ്പലം എന്നിവ വളരെ ശ്രദ്ധേയമാണ്.
തപസ്യ കലാസാഹിത്യവേദി ചെങ്ങന്നൂര്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ബാലുവിനെ ആദരിക്കുകയുണ്ടായി. ജില്ല ഉപാധ്യക്ഷന്‍ അടല്‍ ബിഹാരി എക്സലന്‍സി അവാര്‍ഡ് ജേതാവായ ഗോപാലകൃഷ്ണ പിള്ള, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹക് ഒ.കെ. അനില്‍ കുമാര്‍, തപസ്യ മേഖല സംഘടന സെക്രട്ടറി അനു കൃഷ്ണന്, താലൂക്ക് സംഘടനാ സെക്രട്ടറി അജു കൃഷ്ണന്, ജന. സെക്രട്ടറി ഉണ്ണി കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ലോക് ഡൗണ്‍ കാലയളവില്‍ ബാലു ശില്പിയുടെ വൈവിധ്യമാര്‍ന്ന ശില്‍പ്പങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇലവുംതിട്ടയില്‍ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന് അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ നിര്‍മിച്ച മൂലൂര്‍ പത്മനാഭ പണിക്കരുടെ അര്‍ദ്ധകായ പ്രതിമ, ചെറുകോല്‍ പള്ളിയോടത്തിന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ രാജമുദ്ര നല്കി അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച വള്ളത്തിന്റെ മുകളില്‍ തിരുവിതാംകൂറിനെ പ്രതിനിധീകരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്ര രൂപവും, അതിനു മുകളില്‍ ആന ചിഹ്നവും, അതിനു മുകളില്‍ രാജമുദ്രയായ ശംഖും മുദ്രയും മുകളില്‍ രാജാവിന്റെ അര്‍ദ്ധകായ ഗൗരവമുള്ള ശിരസ്സ് വശം ചരിഞ്ഞ് ഗാംഭീര്യം തുളുമ്പിയുള്ള കരങ്ങളുമായി പ്രതീകാത്മകമായി കഥാഖ്യാനം പോലെ രൂപകല്പന ചെയ്തു. ലോക റെക്കോര്‍ഡില്‍ സ്ഥാനം നേടിയ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തു ശില്പത്തിന്റെ നിര്‍മാണവും ബാലുവിന്റെ സൃഷ്ടികളാണ്.
നിര്‍മാണ രീതിയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ ഹീലിങ് ക്രൈസ്റ്റ് 368 സെ.മീ. ഉയരവും 2400 കിലോ, ഭാരവുമുള്ള ശില്പം രണ്ട് വര്‍ഷം മുന്‍പ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സ്ഥാപിച്ചു. ഒന്നരവര്‍ഷംകൊണ്ട് മൂന്ന് ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആദ്യം സിമന്റുകൊണ്ട് നിര്‍മിച്ചശേഷം മെഴുക് ഷീറ്റില്‍ തനതായ രൂപം ഉണ്ടാക്കിയിട്ടാണ് രണ്ട് ഇഞ്ച് കനത്തില്‍ പ്രത്യേകം തയ്യാറാക്കി എടുത്ത ലോഹത്തില്‍ ചെമ്പ്, വെളുത്തീയം, നാകം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത് ഉണ്ടാക്കിയ ലോഹത്തിന് കടുപ്പം കൂടുതലാണ്. ബ്രസീലിലെ റിയോവില്‍ സ്ഥിതിചെയ്യുന്ന ക്രിസ്തു ശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോണ്‍ക്രീറ്റില്‍ ആണ് നിര്‍മാണം.
അനു കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: