ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവും ഇന്നലെ നടന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെയായിരുന്നു ചടങ്ങുകൾ.
മണത്തണ ചപ്പാരം ഭഗവതിയുടെ വാളുകൾ പൂജിക്കുന്ന ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധന പൂജ നടന്നത്. ഇളനീരാട്ടത്തിനുള്ള കാവുകൾ എരുവട്ടി, മേക്കിലേരി , കുറ്റിയാടി തണ്ടാന്മാരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച അക്കരെ സന്നിധിയിൽ എത്തിച്ചത്. നിയന്ത്രണങ്ങളുള്ളതിനാൽ മുപ്പതോളം വ്രതക്കാർ മാത്രമാണ് ഇളനീർ കാവുകൾ സമർപ്പിച്ചത്.
ശനിയാഴ്ച രാവിലെ ഉഷഃപൂജക്ക് ശേഷം കൈക്കോളന്മാർ ഇളനീരുകൾ ചെത്തി അഭിഷേകത്തിനായി ഒരുക്കി മണിത്തറയിൽ എത്തിച്ചു. രാത്രിയിൽ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടു മുന്നേ മുത്തപ്പൻ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയൻ സ്ഥാനികൻ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവൻ ചായം പൂശി കൊട്ടേരിക്കാവിൽ നിന്നും കുറിച്യ പടയാളികളുമായി എത്തി തിരുവഞ്ചിറയിൽ പ്രവേശിച്ച് മണിത്തറക്കടുത്തെ മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്.
ഇതേ സമയത്തു തന്നെ കുറിച്യപ്പടയാളികൾ കൂലോം കയ്യാല ആക്രമിക്കുകയും ചെയ്യും. മുത്തപ്പൻ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. വാര്യത്ത് കൈക്കോളൻ ചെത്തി ഒരുക്കിയ ഇളനീരുകൾ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉഷ്ണക്കാമ്പ്രം നമ്പൂതിരിയാണ് സ്വയംഭൂവിൽ അഭിഷേകം ചെയ്തത്. ഉത്സവത്തിലെ മൂന്നാമത്തെ ആരാധനയായി രേവതി ആരാധന 15 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: