പുത്തൂര്‍: കിഴക്കേ മാറനാട് പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ റീത്ത് വച്ച് ബിജെപി എസ്സി മോര്‍ച്ച പ്രതിഷേധിച്ചു. 1994ല്‍ തുടക്കം കുറിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പാലക്കുഴി പമ്പ്ഹൗസ് കോളനിയിലാണ് കുടിവെള്ള പദ്ധതി അട്ടിമറിച്ചത്.
2011ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ള പദ്ധതി നാമമാത്രമായി ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 2019 ല്‍ പദ്ധതി പുനരാരംഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും മുടങ്ങിക്കിടക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വൈകിയതുകൊണ്ടാണ് ബിജെപിപ്രവര്‍ത്തകര്‍ റീത്തുവച്ച് പ്രതിഷേധിച്ചത്.
കോളനിയിലെ വീടുകള്‍ ഒട്ടുമിക്കവയും തകര്‍ച്ചയുടെ വക്കിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തവുമാണ്. അധികാരികളുടെ ശ്രദ്ധ അടിയന്തരമായി പട്ടികജാതിക്കാര്‍ അധിവസിക്കുന്ന കോളനിയില്‍ പതിയണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് കൈതക്കോട് ആവശ്യപ്പെട്ടു. എസ്സി മോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം ശ്രീജു മാറനാട്, എസ്സി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രജികുമാര്‍, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനശീലന്‍, സുദേവന്മാറനാട്, സന്തോഷ് കൈതക്കോട്, സുരേഷ് ഇടവട്ടം, ഹരി ഇടവട്ടം, സുജിത്ത് പവിത്രേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: