കാസര്‍കോട്: കോവിഡ് ഭീതിക്ക് പിന്നാലെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള പുതിയ ബസ്റ്റാന്റ് പരിസരത്തെ ഓടകളെല്ലാം അഴുക്ക് നിറഞ്ഞും തകര്‍ന്നും മലിനജലം വഴിയാത്രക്കാരുടെയും ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ടും അധികൃതര്‍ കണ്ടഭാവമില്ലെന്ന പരാതി രൂക്ഷമാകുന്നു.
ബസ്ബേ തകര്‍ന്ന് മഴവെള്ളത്തിനൊപ്പം മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്റ്റാന്റിലെ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും നിരവധി കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ മലിനജലങ്ങളെല്ലാം ഈ ഓടയിലൂടെയാണ് ഒഴുകുന്നതെന്ന് ആക്ഷേപമുണ്ട്.
ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ക്ക് സമീപത്തു കൂടിയാണ് ഓട കടന്ന് പോകുന്നതിനാല്‍ തന്നെ ഡ്രൈവര്‍മാര്‍ രോഗഭീതിയിലാണ്. സ്ലാബുകള്‍ തകര്‍ന്നും മറ്റുമാണ് മലിനജലം പുറത്തേക്കൊഴുകുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. നിരവധി തവണ അവര്‍ നഗരസഭയില്‍ നേരിട്ടെത്തി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
മഴതുടങ്ങിയതോടെ മലിനജലം മഴവെള്ളവുമായി കൂടി കലര്‍ന്ന് റോഡിലൂടെ ഒഴുകുകയാണ്. ഓടയ്ക്ക് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ മലിനജലം കാരണം ഏറെ ദുരിതത്തിലായിരിക്കുകയാണ്. നിരവധി യാത്രക്കാരും മറ്റും ഈ മലിനജലം കടന്ന് വേണം ബസ്റ്റാന്റിലെത്താനെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: