കോഴിക്കോട്: കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റപ്പോള്‍ അതു ചരിത്ര മൂഹൂര്‍ത്തമായി. കേരളത്തില്‍ വനവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച ആദ്യത്തെ ആളാണ് ശ്രീധന്യ. ഇന്നലെ വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മുന്‍പാകെയാണ് ചുമതലയേറ്റത്.
2016ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് തന്നെ സിവില്‍ സര്‍വീസില്‍ എത്തിച്ചതെന്ന് ശ്രീധന്യ പറഞ്ഞു. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവില്‍ കോഴിക്കോട് ജില്ലാ കലക്ടറായ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ പറഞ്ഞു.
എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതി നേടിയ വിജയത്തില്‍ തന്റെ സന്തോഷത്തിന് അതിരില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ത്ഥതയോടെ അതൊക്കെ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തരിയോട് നിര്‍മല ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടിയശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. പരീക്ഷയില്‍ 410-ാം റാങ്ക് നേടി. വൈത്തിരി ഇടിയംവയലില്‍ കാലിക്കുനി വീട്ടില്‍ സുരേഷ് – കമല ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സുഷിത, ശ്രീരാഗ്.മുസോറിയിലെ പരിശീലനത്തിനുശേഷം തിരി ച്ചെത്തിയ അവര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈന് പൂര്‍ത്തി യാക്കിയശേഷമാണ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: