ഇരിട്ടി: കോവിഡ് ബാധിച്ച് മരിച്ച ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രൊട്ടക്കോൾ പ്രകാരം സംസ്കരിച്ചു. പയഞ്ചേരി സജിന മൻസിലിൽ പി.കെ. മുഹമ്മദ് എന്ന അർച്ചന മുഹമ്മദ് (70)ന്റെ മൃതദേഹമാണ് ഇരിട്ടി ബസ് സ്റ്റാന്റിന് സമീപമുള്ള ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കിയത്.
ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുഹമ്മദ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് പോസറ്റീവായത്. കുറച്ച് കാലമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന മുഹമ്മദിനെ വൈകിട്ടോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച്ച രാവിലെ ഒൻമ്പത് മണിയോടെ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെയും നഗരസഭാ ചെയർമാൻ പി.പി. അശോകന്റെയും താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്ര ന്റെയും നേതൃത്വത്തിൽ മഹല്ല് കമ്മിറ്റി പ്രതിനിധികളും മുഹമ്മദിന്റെ ബന്ധുക്കളുമായി സംസാരിച്ച് കബറടക്കത്തിനുള്ള ഒരുക്കൾ നടത്തി.
പത്ത് അടിതാഴ്ച്ചയിൽ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തു. തുടർന്ന് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ തഹസിൽദാർക്കും ആരോഗ്യവകുപ്പിനും കൈമാറി. ഇതിനിടയിൽ പരിയാരത്ത് നിന്നും എത്തിയ ആരോഗ്യ വിദഗ്ധ സംഘം കബറടക്ക ഒരുക്കങ്ങൾ പരിശോധിച്ച് അംഗീകാരം നൽകി. കബർ സ്ഥാനിന് ചുറ്റും അണു നശീകരണ പ്രവര്ത്തി നടത്തി. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച വളണ്ടിയർമാർക്ക് സംസ്ക്കാരത്തിനുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നല്കി. തുടർന്ന് ഉച്ചക്ക് 2 മണിയോടെ മൃതദേഹം പുതിയ ബസ്റ്റാന്റിന് സമീപമുള്ള കബർ സ്ഥാനിൽ എത്തിച്ചു.
മുഹമ്മദിന്റെ സഹോദരൻ പി.കെ. മുസ്തഫ ഹാജി, പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ഹാജി എന്നിവരുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ പത്ത് മിനുട്ട് കൊണ്ട് പൂർത്തിയാക്കി കബറടക്കുകയായിരുന്നു . ഇരിട്ടി തഹസിൽദാൽ കെ.കെ. ദിവാകരൻ, താലൂക്ക് ആസ്പത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭാ ചെയർമാൻ പി.പി. അശോകൻ, സെക്രട്ടറി അൻസൽ ഐസക്ക്, ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ ദിനേശൻ കൊതേരി , കണ്ണൂർ മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, താലൂക്ക് നോഡൽ ഓഫീസർ മനോജ്കുമാർ എന്നിവർ സംസ്ക്കാര ചടങ്ങുകൾ നിയന്ത്രിച്ചു. സണ്ണിജസോഫ് എം എൽ എ , കെ പി സി സി ജന സെക്രട്ടറി സജീവ് ജോസഫ് എന്നിവർ സംസ്ക്കാര ചടങ്ങുകൾക്ക് മുൻമ്പ് സ്ഥലത്തെത്തിയിരുന്നു. കബറടക്കത്തിന് നേതൃത്വം നൽകിയ നാലുപേരും കോവിഡ് പ്രോട്ടക്കോൾ പ്രകാരം 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: