പെരുമ്പാവൂര്‍: ബിജെപി പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ അശമന്നൂര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പയ്യാലില്‍ നിര്‍മിച്ച പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അവസാനവര്‍ഷ ഭരണത്തില്‍ നടത്തുന്ന വെട്ടിനിരത്തലിന്റെ ഭാഗമായാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്. ഇതിനെ എന്ത് വില കൊടുത്തും തടയുമെന്നും വനവാസികളെ ബാധിക്കുന്ന ഈ പദ്ധതി നടത്തുവാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ലാവലിന്‍ അഴിമതി കേസിലുള്‍പ്പെട്ട പിണറായി വിജയനെ എസ്എന്‍സി ഭൂതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍ രംഗത്ത് വരുന്നത്.
ഇത് കൂടുതല്‍ അഴിമതി നടത്തി പണം തട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ജവവും പൊതുജനങ്ങളോട് ബാധ്യതയുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് ബിജെപി ഈ നീക്കത്തെ എന്ത് വില കൊടുത്തും തടയുമെന്നും സുരേന്ദ്രന് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോള്‍ അശമന്നൂര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി ഓഫീസ് യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യാലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഈ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനവും സാധ്യമാക്കുന്നുണ്ട്.
ഇതിന്റെ ഉദ്ഘാടനവും സുരേന്ദ്രന് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് , മണ്ഡലം പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അജില്‍ മനയത്ത്, പഞ്ചായത്ത് പ്രഭാരി എന്‍.കെ. മുരുകന്, മണ്ഡലം പ്രഭാരി നടരാജന്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ആനന്ദ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അമ്പാടി വാഴയില്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രകാശന്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജെയ്സണ്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബ്രമണ്യന്‍, വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനന്, ജനറല്‍ സെക്രട്ടറി അരുണ്‍ മേക്കപ്പാല, ആര്‍എസ്എസ് സേവ പ്രമുഖ് വിക്രമന്, അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: