തിരുവനന്തപുരം: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
കേരള ത്തില്‍ രോഗ വ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കും. ദര്‍ശനം നടത്തുന്നവര്‍ക്കാര്‍ക്കെങ്കിലും രോഗം സ്ഥിതീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയര്‍ന്ന് നില്ക്കുന്ന ഈ സമയത്ത് ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും.
ശബരിമല ക്ഷേത്ര ഉത്സവം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്നത് രോഗവ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. അതാണിപ്പോള്‍ നടത്താന്‍ തുനിയുന്നത്. ഉത്സവം കുറച്ചു കൂടി നീട്ടിവെക്കണം എന്ന തന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിക്കണം. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ശബരിമലയില്‍ ഇപ്പോള്‍ തീര്‍ത്ഥാടകരെ കയറ്റുന്നതില്‍ നിന്ന് പിന്തിരിയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: