തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുമ്പോള്‍ മുഖം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ കാലത്തെ കണക്കുകളും പ്രതിരോധ നടപടികളും വിശദീകരിക്കാന്‍ വിളിച്ചുചേര്‍ക്കുന്ന പതിവുവാര്‍ത്താ സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പതിയെ പിന്നോട്ട് പോകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനം വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്നലെയും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ലെന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ വിവരങ്ങള്‍ ലഭിക്കുന്നത് പത്രക്കുറിപ്പിലൂടെയാണ്. മുഖ്യമന്ത്രി എല്ലാ ദിവസവും ഓഫീസില്‍ എത്തുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു എന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും ഉണ്ട്.
ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം സംസ്ഥാനം കൂടുതല്‍ ഇളവുകളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം തരാതെ ഒഴിഞ്ഞു മാറുന്നത്. ആരാധനാലയങ്ങള്‍ തുറക്കല്‍, പ്രവാസി ക്വാന്റൈനിലുള്ള അനിശ്ചിതത്വം, വനിതാ കമ്മീഷന്റെ പ്രസ്താവന, മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.
പ്രവാസികളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെയും ക്വറന്റൈന് ചെയ്യാന്‍ രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാണെന്ന പിണറായിയുടെ പ്രഖ്യാപനം പൊള്ളയായിരുന്നെന്ന് ഇതിനകം വ്യക്തമായി. ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം സംബന്ധിച്ച് എതിര്‍പ്പുകള്‍ സജീവമാണ്. ഐഎംഎയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹൈന്ദവസംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി തുറക്കാന്‍ തീരുമാനിച്ചത്. ഇത്തരം നിരവധി കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ ഉയരുമെന്നും മുഖ്യമന്ത്രിക്ക് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: