ഈ ഭൂമി മനുഷ്യര്‍ക്കു മാത്രം പരിമിതപ്പെടുത്തി വെച്ചിരിക്കുന്നു എന്ന ധാരണയില്‍ നിന്നാണ് കൈയേറ്റമുണ്ടാവുന്നത്. അങ്ങനെ കൈയേറ്റമുണ്ടാവുമ്പോള്‍ മനുഷ്യരല്ലാത്ത സകലതിനും തീര്‍ത്താല്‍ തീരാത്ത വേദനയുണ്ടാവുന്നു. അവയുടെ ആവാസവ്യവസ്ഥകള്‍ ഛിന്നഭിന്നമാക്കപ്പെടുന്നു. സര്‍വതന്ത്ര സ്വതന്ത്രരായി കാടും മേടും കൈയേറി മനുഷ്യര്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം എവിടെക്കൊണ്ടുചെന്നെത്തിക്കുന്നു എന്നതിന്റെ നേര്‍കാഴ്ചയായി കോവിഡ്- 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടും പഠിക്കുന്നില്ല എന്നതത്രേ സമകാലിക ദുരന്തം.
അടുത്തിടെ രണ്ട് ആനകളെയാണ് മനുഷ്യന്റെ ദുര കൊന്നു വീഴ്ത്തിയത്. പൈനാപ്പിളില്‍ സ്ഫോടകവസ്തു വെച്ചു വന്യജീവികളെ ഓടിക്കാന്‍ നോക്കിയ സൂത്രം ഗര്‍ഭിണിയായ ഒരാനയുടെ അന്ത്യത്തിലാണ് കലാശിച്ചത്. കണ്ണീരിനും കനിവിനും ഇടയില്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികള്‍ തോക്കിനും വാളിനും സ്ഫോടകവസ്തുക്കള്‍ക്കും ഇടയില്‍ പെട്ട് ആയുസ്സൊടുങ്ങുകയാണ്. പാലക്കാട് ജില്ലയുടെയും മലപ്പുറത്തിന്റെയും അതിര്‍ത്തിയിലാണ് ഗര്‍ഭിണിയായ ആന ജലപാനം നടത്താനാവാതെ ചരിഞ്ഞതെങ്കില്‍ രണ്ടാമത്തെ ആന മലപ്പുറത്തെ കരുവാരക്കുണ്ടിലാണ് ചരിഞ്ഞത്. അതും ഏതോ സ്ഫോടകവസ്തുവില്‍ നിന്നോ ആയുധത്തില്‍ നിന്നോ ഏറ്റ മുറിവു മൂലമാണെന്നാണ് സൂചന. വയറ്റിലും വായിലും മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലിച്ചില്ലെന്നാണ് വനം വകപ്പിന്റെ ഭാഷ്യം.
ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ തുടര്‍ന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ കേസ് അട്ടിമറിക്കാനും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി വെട്ടിയൊരുക്കിക്കൊടുക്കാനുമായിരുന്നു. ഒരു ജില്ലയ്ക്കു നേരെ മഹാപരാധത്തോടെ ആരോപണം ഉന്നയിച്ചുവെന്ന തരത്തില്‍ വ്യാഖ്യാനിച്ച് യഥാര്‍ഥ സംഭവത്തിന്റെ രൂപവും വ്യാപ്തിയും ബോധപൂര്‍വം മറച്ചുവെച്ചു. ഇക്കാര്യത്തില്‍ പ്രീണനത്തിന്റെ പിതൃസ്ഥാനം അലങ്കരിക്കുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരും വാശിയോടെയാണ് മുന്നേറിയത്. അതിന്റെ ചൂടാറും മുമ്പാണ് മലപ്പുറം ജില്ലയില്‍ മറ്റൊരാന ആക്രമണത്തിന് വിധേയനായി ചരിഞ്ഞിരിക്കുന്നത്.
തങ്ങളുടെ ആവാസവ്യവസ്ഥ കൈയേറി അവകാശം സ്ഥാപിക്കുന്ന മനുഷ്യര്‍ എന്നും ദുരന്തത്തിന് വിത്തുപാകുകയാണെന്ന് പാവം വന്യജീവികള്‍ എങ്ങനെ അറിയാന്‍! അവയുടെ സ്ഥലം കൈയേറുമ്പോള്‍ സ്വാഭാവികമായും മേച്ചില്‍പ്പുറങ്ങള്‍ ഇല്ലാതാവും. കൈയേറിയ സ്ഥലത്ത് വിളയിറക്കുന്ന മനുഷ്യര്‍ക്ക് വന്യ ജീവികള്‍ പൊടുന്നനെ ശത്രുക്കളാവുകയും ചെയ്യും. പിന്നീട് ശത്രുവിനെ തുരത്തുകയെന്ന വ്യാജേന വന്യമൃഗങ്ങളെ നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കുകയാണ്. കാടു കയ്യേറുന്നവര്‍ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളുമായും അഭേദ്യബന്ധമുള്ളവരാകയാല്‍ മേല്‍നടപടികളില്‍ നിന്നൊക്കെ രക്ഷപ്പെടുകയും ചെയ്യുന്നു. എന്നു മാത്രമല്ല പിന്നിട് കൂട്ടുകച്ചവടവുമാണ്. കാലാകാലങ്ങളിലായി നമ്മുടെ വനഭൂമികളില്‍ നടന്നുവരുന്നതാണിത്.
ഇത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ യുക്തമായ നടപടികളും ചട്ടങ്ങളുമുണ്ടെങ്കിലും അതെല്ലാം ‘ഏട്ടിലെ പശു പുല്ലു തിന്നില്ല’ എന്നു പറയുന്നതുപോലെയാണ്. അതിനെതിരെയാണ് നടപടിയുണ്ടാകേണ്ടത്. എന്തു ചെയ്താതാലും രക്ഷപെടാനറിയാം എന്ന ധാര്‍ഷ്ട്യത്തിന് കനത്ത പ്രഹരം കിട്ടിയേ തീരൂ. അതിന് മാനവികവും മണ്ണിന്റെ മനസ്സുമുള്ള ഭരണക്രമം ഉണ്ടാവണം. ഏതു കൊടിയ അക്രമവും ചെയ്യാന്‍ പര്യാപ്തമായ തരത്തിലേക്ക് സ്ഥിതിഗതികളെ പരുവപ്പെടുത്തിയാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജീവിവര്‍ഗം കടലാസിലെ ചിത്രമായി മാറും. ആനയെ കൊലപ്പെടുത്തിയ ജില്ലയുടെ പേരില്‍ വര്‍ധിത വീര്യത്തോടെ ആക്രോശിച്ച ഭരണകൂടവും അവര്‍ക്കൊത്താശയുമായി വന്നവരും അക്രമികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ അധൈര്യപ്പെടുന്നതിന്റെ പിന്നിലെന്താണെന്ന് അന്നം കഴിക്കുന്നവര്‍ക്ക് നല്ലവണ്ണം അറിയാം. ചിത്രങ്ങളില്‍ വന്യ ജീവികളെ കണ്ട് തൃപ്തിയടയാനാവും വരുംതലമുറയ്ക്ക് ഭാഗ്യമുണ്ടാവുകയെന്നു വന്നാല്‍ പിന്നെ പ്രകൃതി സ്നേഹത്തിനും പരിസ്ഥിതി പ്രേമത്തിനും എന്തു പ്രസക്തി? അതിന് ഇടവരാതിരിക്കണമെങ്കില്‍ വന്യജീവികള്‍ക്കെതിരായ അക്രമങ്ങള്‍ എന്നേക്കുമായി നിര്‍ത്തിക്കണം. കാടുകയറി ഭൂവുടമകളാകുന്ന അവസ്ഥയ്ക്ക് തടയിടണം. പ്രതികള്‍ക്ക് കനത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കുകയും വേണം. പേരില്‍ മാത്രം പോരല്ലോ ദൈവത്തിന്റെ നാട് എന്ന ഖ്യാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: