ലണ്ടന്‍: കൊറോണ വൈറസിനെ തുടര്‍ന്ന് നിശ്ചലമായ ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര പരമ്പരയ്ക്കായി വിന്‍ഡീസ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരങ്ങള്‍ ലണ്ടനില്‍ വിമാനമിറങ്ങിയത്. കൊറോണ മഹാമാരിക്കിടയില്‍ ക്രിക്കറ്റ് അഭിമൂഖീകരിക്കുന്ന ചരിത്ര നിമിഷമാകും ഇതെന്നാണ് വിന്‍ഡീസ് നായകന് ജെയ്സണ്‍ ഹോള്‍ഡറുടെ പ്രതികരണം.
കഴിഞ്ഞുപോയ മത്സരങ്ങള്‍ കണ്ട് സമയം കളഞ്ഞ ആരാധകര്‍ക്ക് ഭാവിയിലേക്ക് മുന്നോട്ടു പോകാനുള്ള തുടക്കമാകും ഈ പരമ്പര. ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പരയില്‍ ഭാഗമാകാന്‍ ടീം സജ്ജമാണെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. ജൂലൈ എട്ടിനാകും മൂന്ന് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പരയുടെ തുടക്കം. ഈ മാസം നടക്കേണ്ടിയിരുന്ന പരമ്പര അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. വിന്‍ഡീസ് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് സ്വാഗതമെന്നും പരമ്പരക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.
അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍. സതാംപ്റ്റണിലെ എജിയാസ് ബൗളിലും ഓള്‍ഡ് ട്രാഫോര്‍ഡിലും പരമ്പര നടത്താനാണ് പുതിയ തീരുമാനം. നേരത്തെ ഓവല്‍, എഡ്ജ്ബാസ്റ്റണ്, ലോര്‍ഡ്സ് എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. താരങ്ങള്‍ കടുത്ത നിയന്ത്രണത്തിലാകും കളിക്കാനിറങ്ങുക. ടെസ്റ്റില്‍ ഓരോ ദിവസവും കളി കഴിയുമ്പോള്‍ ഗ്രൗണ്ടിന് പുറത്തുപോകുന്ന ശീലം സൂപ്പര്‍താരങ്ങള്‍ക്കടക്കം ഒഴിവാക്കേണ്ടിവരും. സ്റ്റേഡിയത്തിനുള്ളിലെ ഹോട്ടലുകളില്‍ പ്രത്യേക മുറികളില്‍ ഒറ്റക്കിരിക്കണം. മത്സരങ്ങള്‍ക്ക് മുമ്പ് താരങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. മത്സരങ്ങള്‍ക്കിടെ പന്തില്‍ തുപ്പല് പുരട്ടരുതെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം പരമ്പരയില്‍ നിയമമാകും.
സുരക്ഷിതമായി മികച്ച ക്രിക്കറ്റ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുമ്പോഴുണ്ടാകാവുന്ന നഷ്ടം വലുതായിരിക്കുമെന്നും രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം ഈ ഇനത്തില്‍ കണക്കാക്കുന്നുണ്ടെന്നും ബോര്‍ഡ് പറയുന്നു.
ലണ്ടനിലെത്തിയ വിന്‍ഡീസ് ടീം പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. എന്നാല്‍, കൊറോണ ഭീതിയില്‍ വിന്‍ഡീസ് താരങ്ങളായ ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹേറ്റ്മയര്‍, കീമോ പോള്‍ എന്നിവര്‍ പരമ്പരയില്‍ നിന്നു പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: