തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മനോരമ നല്കിയ വ്യാജവാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ച് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക. മാതൃഭൂമി ഓണ്‍ലൈനിലെ നിലീന അത്തോളിയാണ് കേന്ദ്രമന്ത്രിക്കെതിരെ വ്യാജ പ്രചരണവുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് പറഞ്ഞത് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയായി മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ഇത് വ്യാജവാര്‍ത്തയാണെന്ന് മനസിലാകാതെ ന്യൂസ് 18 കേരളയും സീ ന്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ക്ക് പറ്റിയ തെറ്റ് മനസിലായതോടെ മനോരമ പത്രാധിപര്‍ ഖേദപ്രകടനം നടത്തി.
തുടര്‍ന്ന് ന്യൂസ് 18 കേരളയും സീന്യൂസ് ഇന്ത്യയും ഈ വാര്‍ത്ത തങ്ങളുടെ വെബ്സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.വ്യാജ വാര്‍ത്തയെന്ന് മനസിലാക്കി പിന്‍വലിച്ച ഈ വാര്‍ത്ത ഏറ്റെടുത്താണ് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക ഇപ്പോള്‍ വ്യാജപ്രചരണം നടത്തുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജന്മഭൂമി വാര്‍ത്ത നല്‍കിയതോടെ മാധ്യമ പ്രവര്‍ത്തക തന്റെ വ്യാജ പ്രചരണ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും മുക്കി.
വ്യാജ പ്രചരണം നടത്തി നിലീന ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് മെയ് 28നാണ് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞത്. സീ ന്യൂസിന്റേതാണ് റിപ്പോര്‍ട്ട്. കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വെര്‍ച്ച്വല്‍ ക്യൂ ഏര്‍പ്പെടുത്തി. അപ്പോള്‍ ശ്രീ മുരളീധരന് ചോദിക്കുന്നത് ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത് ആരു പറഞ്ഞിട്ടാണെന്നാണ്. കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താനുള്ള തീരുമാനമാണിതന്നും മുരളീധരന് പറയാന്‍ മറന്നില്ല.
രണ്ടും പറഞ്ഞത് ഒരേ ആള്.
കടകംപള്ളി പറഞ്ഞതുപോലെ സര്‍ക്കാര്‍ ആരധാനാലയങ്ങള്‍ തുറക്കാന്‍ അനുമതിക്കില്ല എന്നാണ് വി മുരളീധരനും കെ മുരളീധരനും അങ്ങനെ പലരും കരുതിയത്. അങ്ങനെ ശബരിമല ആവര്‍ത്തിക്കാമെന്നും… അധികമൊന്നും വേണ്ട പേരിനെങ്കിലും നൈതികത ജനം പ്രതീക്ഷിക്കുന്നുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: