കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാല്‍കുളത്തില്‍ മാലിന്യം നിറച്ച സംഭവത്തില്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് ബിജെപി നഗരസഭാസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാല്‍കുളത്തിലെ മാലിന്യം ഭരണിയിലാക്കി നഗരസഭാ സെക്രട്ടറി, സൂപ്രണ്ട് എന്നിവര്‍ക്ക് എത്തിച്ചാണ് പ്രതിഷേധിച്ചത്. മാലിന്യം തോട് വഴി ഒഴുകി പരിസരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ബിജെപിയും പരിസരവാസികളും നല്‍കിയെങ്കിലും ഇതുവരെ കുളം ശുദ്ധീകരിക്കുന്നതിനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
വ്യാജമായി പതിച്ചെടുത്ത കുളം മാലിന്യം നിറച്ച് മണ്ണിട്ട് മൂടാനാണ് ശ്രമമെന്നും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ആര്. രാധാകൃഷ്ണന് പറഞ്ഞു. വിഷമാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ജനപ്രതിനിധികളുടെ വീട്ടു പടിക്കലേക്ക് പാല്‍കുളത്തിലെ മലിന ജലവുമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ആര്. രാധാകൃഷ്ണന്, നഗരസഭാ പ്രസിഡന്റ് അനീഷ് കിഴക്കേക്കര, സെക്രട്ടറി രാജീവ് കേളമത്, അഭീഷ്, രാജന് പുലരി, ദീപു, ശ്യാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: