കൊച്ചി: സ്വകാര്യ ബസ്സുകളുടെ അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിരക്ക് വര്‍ധന സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ബസുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച് ആളകലം ഉറപ്പാക്കി വേണം സര്‍വീസ് നടണമെന്ന് ഹൈക്കോടതി അറിയിച്ചു. വിധി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുന്നതിനാണ് സംസ്ഥാനത്തെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍ അന്തര്‍ സംസ്ഥാനത്ത് സര്‍വീസ് ആരംഭിക്കുകയും ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ ചാര്‍ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
നികുതി പൂര്‍ണമായും ഒഴിവാക്കി ബസ് യാത്രാ ടിക്കറ്റ് നിരക്ക് നേരത്തെ 50 ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇളവുകള്‍ വരികയും ബസില്‍ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിക്കൊണ്ടുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് പഴയ നിരക്ക് വീണ്ടും കൊണ്ടുവന്നത്.
ഹൈക്കോടതി ഉത്തരവോടെ റദ്ദാക്കിയ നിരക്കുകള്‍ ഇനി പുനസ്ഥാപിക്കും. ഇതോടെ അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ത്ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: