പാലക്കാട്: ലോക്ഡൗണില്‍ പണം വാരി ഇലക്ട്രോണിക്സ് വിപണി. ലോക്ഡൗണില്‍ മറ്റു മേഖലകളെല്ലാം സാമ്പത്തികമായും വാണിജ്യപരമായും പിന്നോട്ട് പോയപ്പോള്‍ ഇല്ക്ട്രോണിക്സ് വിപണിയില്‍ വില്‍പ്പന പൊടിപൊടിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മൊബൈല്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നത്. മൊബൈല്‍ ഷോറൂമുകളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കാണ്.
ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റുകള്‍ മുതല്‍ ചെറിയ നിരക്കുകളിലുള്ളവ വരെ വില്‍പ്പനയില്‍ സ്ഥാനം പിടിച്ചു. ഒരു ദിവസം ഏകദേശം രണ്ടുലക്ഷം രൂപയുടെ മൊബൈല്‍ വില്‍പ്പന നടക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇരുപത് മുതല്‍ നാല്പതിനായിരം വരെയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയാണ് കൂടുതലായതായി നടക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല ഷോറൂമുകളിലും സ്റ്റോക്ക് തീരാറായ സ്ഥിതിയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനരീതി പ്രഖ്യാപിച്ചതു മുതല്‍ മൊബൈല്‍ വില്‍പ്പന രണ്ടിരട്ടിയായതായും വില്‍പ്പനക്കാര്‍ പറയുന്നു. പതിനായിരം മുതല്‍ പതിനഞ്ചായിരം വരെയുള്ള ബേസിക് സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ദിനംപ്രതി ചുരുങ്ങിയത് ഇരുപത് പേരെങ്കിലും ഈ ആവശ്യവുമായി എത്താറുണ്ടെന്നും ഫോണ്‍ മുഖേനയുള്ള അന്വേഷണങ്ങള്‍ വരന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഇതിന് ആവശ്യക്കാര്‍ ഏറി വരികയാണ്. സ്റ്റോക്കുകള്‍ പരിമിതമാണെങ്കിലും ആവശ്യക്കാരെത്തുന്ന മുറക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.
സ്മാര്‍ട്ട്ഫോണിന് പുറമെ ലാപ്ടോപ്പുകളുടെ വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠന സമ്പ്രദായം ആരംഭിച്ചതോടെ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്. ടിവി എന്നിവയുടെ വില്‍പ്പന മറ്റു സമയങ്ങളിലേതിനേക്കാള്‍ കൂടിയിട്ടുള്ളതായാണ് കച്ചവടക്കാരുടെ അഭിപ്രായം. കൊറോണ സാഹചര്യത്തില്‍ വില്‍പ്പന വര്‍ദ്ധിച്ചതോടെ വിവിധ ബ്രാന്റുകള്‍ ഓഫറുകളിറക്കിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: