തിരുവല്ല: കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി മനു തയ്യിലിനെ വീട് കയറി ആക്രമിച്ച് വെടിവച്ച കേസിലെ പ്രതിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഒരു വിഭാഗം. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് നിരവധി കേസിലെ പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ഇതോടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 2012 ഒക്ടോബര്‍ 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പറക്കോട് ഇടയില്‍ തയ്യില്‍ തുളസി സദനത്തില്‍ മനുവിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും വീട് തല്ലിതകര്‍ക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി റോബിന് കല്ലുവിളയിലിനെയാണ് ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പുകാരനായ പഴകുളം മധുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച അടൂര്‍ ചൂരക്കോട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
വെടിയേറ്റ മനു ഇപ്പോഴും ചികിത്സ തുടരുകയാണ്. കണ്ണിന് താഴെ അപകടകരമായ നിലയിലാണ് എയര്‍ഗണ്ണില്‍ നിന്നുള്ള പെല്ലറ്റ് തറഞ്ഞിരിക്കുകയാണ്. പെല്ലറ്റ് നീക്കം ചെയ്യണമെങ്കില്‍ താടിയെല്ല് ഇളക്കി മാറ്റണം. വലിയ ചെലവുവരുന്ന സര്‍ജറിയാണിത്. ഈ വേദനയ്ക്കും വിഷമങ്ങള്‍ക്കും പുല്ലുവില നല്‍കിയാണ് മനുവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോണ്‍ഗ്രസ് ഹാരമിട്ട് സ്വീകരിച്ചതെന്ന് ചില പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: