കൊട്ടാരക്കര: എംഎല്‍എ അഡ്വ: അയിഷാ പോറ്റിക്കെതിരായ വിവാദം സിപിഎമ്മിലെ സീറ്റ് തര്‍ക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി. സേവാഭാരതിയുടെ ഗ്രാമവൈഭവം പരിപാടി ഉദ്ഘാടനം ചെയ്ത എംഎല്‍എയുടെ നടപടി ജനാധിപത്യപരവും ശ്ലാഘനീയവുമാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: വയയ്ക്കല്‍ സോമന് പറഞ്ഞു.
എംഎല്‍എ മാത്രമല്ല സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനും സേവാഭാരതിയുടെ പരിപാടിയില്‍ പങ്കാളിയായി. കൊല്ലം ബിഷപ്പും മറ്റ് മതമേധാവികളും സാംസ്കാരികപ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പരിപാടിയുമായി കൈകോര്‍ത്തു. സിപിഎം മാത്രമാണ് ഇതിനെ വിവാദമാക്കുന്നത്. നന്മയെ അംഗീകരിക്കാനാണ് ആ പാര്‍ട്ടി തയ്യാറാകേണ്ടതെന്ന് സോമന് പറഞ്ഞു.
സേവാഭാരതി പ്രവര്‍ത്തകരില്‍ നിന്നും വൃക്ഷത്തൈ വാങ്ങി സ്വന്തം വീട്ടില്‍ നട്ടതില്പോലും രാഷ്ട്രീയം കാണുന്നത് പാപ്പരത്തമാണ്. സിപിഎം ഇത് വിവാദമാക്കുന്നത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള സീറ്റ് തര്‍ക്കത്തിന്റെ ഭാഗമായാണെന്ന് വയയ്ക്കല്‍ സോമന് ആരോപിച്ചു. സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിനെ മറയാക്കി എംഎല്‍എയെ ആക്രമിക്കാനാണ് നീക്കം. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള സൂത്രമാണ് സിപിഎം നേതാക്കളുടേതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പരിസ്ഥിതിദിനത്തിലാണ് സേവാഭാരതി സംഘടിപ്പിച്ച ഗ്രാമവൈഭവം പരിപാടി എംഎല്‍എ ഉദ്ഘാടനം ചെയ്തത്. എഎല്‍എയുടെ വസതിയില്‍ വച്ച് ചടങ്ങ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം തലപൊക്കിയത്. അതേസമയം സംഭവത്തില്‍ നന്മ മാത്രമാണ് കാണുന്നതെന്നായിരുന്നു അയിഷാപോറ്റി എംഎല്‍എയുടെ പ്രതികരണം.
‘ഒരു മരം നടുന്നത് ഏത് പാര്‍ട്ടി ആയാലെന്താണ് ? ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. വൃക്ഷത്തൈ നടുന്നത് നല്ല കാര്യമല്ലേ. എന്തിലും വിവാദം കാണുന്നവരാണ് ഈ വിവാദത്തിനും പിന്നില്‍. ഇത്തരം കാര്യങ്ങളെ താന്‍ വക വെയ്ക്കുന്നില്ല. ഒരു നല്ല കാര്യത്തിനെ എന്തിനാണ് വിവാദം കൊണ്ട് ഇല്ലായ്മ ചെയ്യുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: