കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. ജൂണ്‍ 10 മുതല്‍ 25 വരെയായിരിക്കും പരീക്ഷ. പരീക്ഷകളുടെ സമയക്രമം അതാത് വകുപ്പുമേധാവി, പ്രിന്‍സിപ്പല്‍ തീരുമാനിക്കും. മൂഡിലിന്റെയോ ഗൂഗിള്‍ ക്ലാസ്റൂമിന്റെയോ സഹായത്തോടെയായിരിക്കും പരീക്ഷ.
സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം, ഈമെയില്‍ ഐഡി എന്നിവ പരീക്ഷാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ മൂന്‍കൂട്ടി അറിയിച്ചാല്‍ കോളേജുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം. മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. അതില്‍ ഉത്തരങ്ങള്‍ എല്ലാം അപ് ലോഡ് ചെയ്തു എന്നത് ഉറപ്പു വരുത്തുവാന്‍ നിശ്ചിത സമയം നീക്കിവയ്ക്കും.
പരീക്ഷയ്ക്കു ശേഷം കുറ്റകൃത്യങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള വൈവയും സംഘടിപ്പിക്കും. പരീക്ഷയുടെ നടത്തിപ്പിനായി ഉന്നത ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പ്രത്യേക സെല്ലും മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരീക്ഷാ സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനും പരീക്ഷയ്ക്ക് നേതൃത്വം നല്‍കാനുമുള്ള ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: