അഞ്ചൽ: മൃതദേഹ പരിശോധനയ്ക്കായി അഞ്ചല്‍ സിഐ മൃതദേഹത്തെ തന്റെ വീട്ടിലേയ്ക്ക് എത്തിപ്പിച്ചതായി പരാതി. ഇടമുളയ്ക്കലിൽ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അഞ്ചല്‍ മൃതദേഹത്തോട് കേട്ടു കേള്‍വിയില്ലാത്ത അനാദരവ് കാട്ടിയിരിക്കുന്നത്.
സംഭവ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീർ സംഭവസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു .തുടര്‍ന്ന് സിഐയുടെ അസാന്നിദ്ധ്യത്തില്‍ സുജിനിയുടെ ഭർത്താവ് തൂങ്ങിമരിച്ച സുനിലിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ മറ്റുള്ള പോലീസുദ്യോഗസ്ഥർ നടത്തുകയും ചെയ്തു.
എന്നാൽ പോസ്റ്റ്മോർട്ടത്തിനായി രേഖകളിൽ അഞ്ചൽ സ്റ്റേഷന് ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീർ ഒപ്പ് ഇടേണ്ടുന്നതുകൊണ്ട് ബന്ധുക്കൾ മൃതദേഹവുമായി അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ പത്ത് മിനിറ്റോളം അഞ്ചൽ പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി നിന്നെങ്കിലും സിഐ എത്തിയില്ല.തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒപ്പിടുന്നതിനായ് കടക്കൽ ഉള്ള തന്റെ വീട് പണി നടക്കുന്ന സ്ഥലത്ത് എത്താൻ സിഐ സുനിലിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.
മൃതദേഹവുമായി പതിനഞ്ച് കിലോമീറ്ററോളോം സഞ്ചേരിച്ച് കടയ്ക്കലിലെ വീട് പണിനടക്കുന്ന സ്ഥലത്തു ചെന്ന് ഒപ്പ് വാങ്ങിയാണ് പോസ്റ്റ്മോർട്ടത്തിനായി സുനിലിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോകാൻ കഴിഞ്ഞത്. അഞ്ചലിൽ നിന്നും ഇത്രയധികം ദൂരം മൃതദേഹവുമായി ആംബുലൻസ് ഓടി താമസിച്ചത് കൊണ്ടു മെഡിക്കൽ കോളേജിൽ എത്താൻ താമസിച്ചതിനാലാണ് പോസ്റ്റ് മോർട്ടം തൊട്ടടുത്ത ദിവസതേക്ക് മാറ്റിവെക്കേണ്ടി വന്നതെന്ന് സുജിനിയുടെ അച്ഛൻ ഷാജിയും ആംബുലൻസ് ഡ്രൈവർ സുബാഷും പറഞ്ഞു.
അഞ്ചൽ പോലീസ് സ്റ്റേഷനിലെ വിഷ്ണു എന്ന പോലീസുകാരനും ബന്ധുക്കളോടൊപ്പം ഉണ്ടായിരുന്നു. ഉത്രയുടെ കൊലപാതകത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും അഞ്ചൽ സിഐയുടെ ഭാഗത്തു നിന്നും വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വനിതാ കമ്മീഷന് കുറ്റപ്പെടുത്തിയിരുന്നു.സിഐയുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: