എണ്ണപ്പാറ: ഏഴാംമൈല്‍-തായന്നൂര്‍ റോഡിലെ മുക്കുഴി മുതല്‍ എണ്ണപ്പാറ വരെയുള്ള ഭാഗം തകര്‍ന്ന് ചെളിക്കുളമായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വേനല്‍മഴയില്‍ തന്നെ തകര്‍ന്നു തുടങ്ങിയ റോഡില്‍ ഇപ്പോള്‍ മുഴുവനും കുഴികളാണ്. പൊതുമരാമത്ത് പദ്ധതിക്കു കീഴില്‍ ജില്ലയിലെ ഗ്രാമീണ റോഡുകളില്‍ നവീകരണം നടക്കുമ്പോഴാണ് വാഹനത്തിരക്കേറിയ ജില്ലാപഞ്ചായത്ത് റോഡ് നോക്കുകുത്തിയായി നില്‍ക്കുന്നത്.
ജില്ലാപഞ്ചായത്തിന്റെ പ്രദേശത്തോടുള്ള അവഗണനയാണ് റോഡ് വികസനത്തിന് തടസ്സമാകുന്നതെന്നാന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. എസ് വളവും കയറ്റിറക്കങ്ങളും വളവുതിരിവുകളുമുള്ള ഈ റോഡ് ഭാഗം വീതികൂട്ടി നവീകരിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.
റോഡിന്റെ ഏഴാംമൈല്‍ മുതല്‍ പോര്‍ക്കളം വരെയുള്ള ഭാഗം കഴിഞ്ഞവര്‍ഷം മെക്കാഡം ടാറിങ് നടത്തി നവീകരിച്ചെങ്കിലും ബാക്കിവരുന്ന ദുര്‍ഘടവും വീതികുറഞ്ഞതുമായ ഭാഗം നവീകരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. മഴ കനക്കും മുന്‍പ് റോഡ് നന്നാക്കിയില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ കഠിനമേറിയതാകും.
മുക്കുഴി, നെടുകര, കുരിശുപള്ളി ഭാഗങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് കഴിഞ്ഞു. ബാക്കിഭാഗങ്ങളിലും കുഴികള്‍ പെരുകുകയാണ്. മുന്‍പ് പലപ്പോഴും ലക്ഷങ്ങള്‍ മുടക്കി ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ഒരുമഴക്കാലം കഴിയുമ്പോഴേക്കും റോഡ് പഴയപടിയാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: