കോഴിക്കോട്: ആര്‍മി റിക്രൂട്ടിങ് ഓഫീസിലെ കേണല്‍ പദവിയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്റെ ശ്രദ്ധയില്‍ പരാതി കൊണ്ടുവരാനും സംസ്ഥാന കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് തീരുമാനിച്ചു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിലെ മേധാവി വിശദീകരണം സമര്‍പ്പിക്കണം. ആരോപണ വിധേയനായ ഉദ്യോഗസ്ഥന് മറുപടി ഹാജരാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആന്ധ്രാ സ്വദേശിയായ എന്‍.വി. രത്നമ്മ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ ഭര്‍ത്താവാണ് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ ജോലി ചെയ്യുന്ന സിവില്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പരാതിക്കാരിയുടെ ഭര്‍ത്താവിന് ശമ്പളം നല്‍കുന്നില്ല. കേണല്‍ തങ്ങളുടെ വീട്ടിലെത്തി ഭര്‍ത്താവിനെ ആക്രമിക്കാന്‍ തുനിഞ്ഞതായും പരാതിയില്‍ പറയുന്നു. ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
കേണല്‍ പരാതിക്കാരിയുടെ വീട്ടിലെത്തി ഭര്‍ത്താവിനെ ഉപദ്രവിച്ചെന്ന പരാതി ജില്ലാ പോലീസ് മേധാവി പ്രത്യേകം അന്വേഷിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: