ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോള്‍ യാതൊന്നും ചെയ്യാതെ നിഷ്ക്രിയമാണ് അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍. ആശുപത്രികളും നിരീക്ഷണകേന്ദ്രങ്ങളും നിറഞ്ഞു കവിയുമ്പോഴും മതിയായ പരിശോധനാ കേന്ദ്രങ്ങള്‍ നടത്താന്‍ പോലും ആപ്പ് സര്‍ക്കാര്‍ തയാറാവുന്നില്ല.
ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം 20,834 ആയി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ശക്തമാക്കി. ദല്‍ഹിയുടെ ആരോഗ്യമേഖല താറുമാറായതായി ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രതിഷേധിച്ചു. പത്രസമ്മേളനങ്ങളിലും ട്വിറ്ററിലും മാത്രമാണ് കേജ്രിവാളിന്റെ ഭരണമികവെന്നും കൊറോണ രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
അതിനിടെ, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ദല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച കേജ്രിവാളിന്റെ നടപടിക്കെതിരെയും വിമര്‍ശനം ശക്തമായി. അതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം ഗുരുതരമായി ബാധിക്കുന്നതെന്ന് കിഴക്കന്‍ ദല്‍ഹി എംപി ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി. 30,000 രോഗികളെ നോക്കാന്‍ ക്രമീകരണമുണ്ടെന്ന് ഏപ്രിലില്‍ കേജ്രിവാള് പറഞ്ഞിട്ടുണ്ടെന്നും അതൊന്നും ജൂണ്‍ മാസമായിട്ടും കാണാനില്ലെന്നും ഗംഭീര്‍ പറഞ്ഞു.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചതും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ആശുപത്രികളില്‍ ഉറപ്പുവരുത്തുന്നതില്‍ ദല്‍ഹി ആരോഗ്യ വിഭാഗം പരാജയമെന്നാണ് ആക്ഷേപം. മലയാളി നഴ്സുമാരടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ദല്‍ഹിയില്‍ ഇതുവരെ മരിച്ചത്. 523 പേര് ദല്‍ഹിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, അതിലുമേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്നും കേജ്രിവാള് സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: