ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകന്‍ ദത്തോപന്ത് ഠേംഗിഡിജിയോട് ഒരിക്കല്‍ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. സ്വകാര്യമേഖലയോ പൊതുമേഖലയോ, ഏതിനെയാണ് താങ്കള്‍ പിന്തുണയ്ക്കുന്നത്?
ഉത്തരമായി അദ്ദേഹം മുന്‍ ചൈനീസ് പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഡെങ് സിയാവോപിങ്ങിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഓര്‍മിപ്പിച്ചു: ”പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല, എലിയെ പിടിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.”
വ്യത്യസ്ത മേഖലകളില്‍ അനുയോജ്യമായത് സ്വീകരിക്കാം. അല്ലാതെ എല്ലാ സ്വകാര്യ സംരംഭങ്ങളും ദേശസാല്‍ക്കരിക്കണം എന്ന കമ്മ്യൂണിസ്റ്റ് ആശയത്തെയോ എല്ലാ ദേശീയ സംരംഭങ്ങളും സ്വകാര്യവല്ക്കരിക്കണം എന്ന മുതലാളിത്ത ആശയത്തേയോ അദ്ദേഹം പിന്തുണച്ചില്ല. രാജ്യപുരോഗതിയില്‍ സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും അതിന്റേതായ പങ്കു വഹിക്കാനുണ്ട്. കൂടിയാലോചന ഇല്ലാതെ ഒരു സുപ്രഭാതത്തില്‍ ഒരു മേഖലയാകെ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതാണ് പ്രശ്നം. വ്യതിയാനം കൊണ്ട് സമ്പദ്ഘടനയില്‍ ഉണ്ടാകുന്ന മാറ്റം ബന്ധപ്പെട്ടവരുമായി ദേശീയതലത്തില്‍ ചര്‍ച്ചചെയ്താണ് തീരുമാനിക്കേണ്ടത്.
സ്വകാര്യമേഖലയോ പൊതുമേഖലയോ ഏതു വേണം എന്ന് തീരുമാനിക്കുന്നതില്‍ ഇന്ന് സര്‍ക്കാരിലെ നയപരമായ ഉപദേശകര്‍ ആശയക്കുഴപ്പത്തിലാണ്. രണ്ടിന്റെയും പങ്ക് നിര്‍വചിക്കേണ്ടതുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖല വേണം. എന്നാല്‍ അത് പൊതുമേഖലാസ്ഥാപനങ്ങളെ ആകെ സ്വകാര്യവല്‍ക്കരിച്ചു കൊണ്ട് ആകരുത്. എതിര്‍പ്പ്, കൂടിയാലോചന ഇല്ലാതെയുള്ള അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തോടും ദേശസാല്ക്കരണത്തോടുമാണ്. നയരൂപീകരണ ഉപദേശകര്‍ കൂടിയാലോചനക്കുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അതിനാല്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. പൊതുമേഖലകളെ സംബന്ധിച്ച തെറ്റായ ധാരണകളാണ് അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണം എന്ന ഒറ്റമൂലിയില്‍ ഭ്രമിക്കാന്‍ ഇടയാക്കുന്നത്.
ആധുനിക മുതലാളിത്തത്തിനു മൂന്ന് മുഖങ്ങളുണ്ട്: ഉദാരീകരണം, സ്വകാര്യവത്കരണം, ആഗോളീകരണം. ഇതിനെ ചുരുക്കി എല്‍പിജി എന്നുവിളിക്കുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ പ്രവാചകന്മാര് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി സര്‍ക്കാരിനെ ഉപദേശിക്കുന്ന ത് സ്വകാര്യവല്‍ക്കരണം ആണ്. ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിന്റെ സൂത്രവാക്യം ”കോര്‍പ്പറേഷന്‍വല്‍ക്കരണം, സ്വകാര്യവല്‍ക്കരണം” എന്നതായിരുന്നു. ഉദ്യോഗസ്ഥ നവീകരണത്തിന്റെ പരിഹാരവും സ്വകാര്യവല്‍ക്കരണം തന്നെ. ഇതിന്റെ ഫലമായാണ് ഒമ്പതു വ്യക്തികളെ സ്വകാര്യ മേഖലയില്‍ നിന്നു ജോയിന്റ് സെക്രട്ടറിമാരായി കേന്ദ്ര സര്‍ക്കാരില്‍ നിയമിച്ചത്. ഇനി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍മാരെ സെക്രട്ടറിമാരായി പ്രധാന മന്ത്രാലയങ്ങളില്‍ നിയമിച്ചാലും അത്ഭുതപ്പെടാനില്ല. ചോദ്യമിതാണ്, ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ തക്ക ശേഷിയുണ്ടോ ഇന്ത്യന്‍ സ്വകാര്യമേഖലയ്ക്ക്?
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പാഠം
അലന് ഗ്രീന്‍സ്പാന്‍ ദീര്‍ഘകാലം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്യമാണ് ”കമ്പോളം ദിവ്യമാണ്” (ാമൃസല േശ െറല്ശില) എന്നത്. അദ്ദേഹം എല്ലാവരുടെയും ചോദ്യത്തിന് ഉത്തരമായി പറഞ്ഞു: ഏതുതരം പ്രശ്നത്തിനും പരിഹാരം നല്കാന് മാര്‍ക്കറ്റിന് ശേഷിയുണ്ട്. എന്നാല്‍ 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയെ തകര്‍ത്തപ്പോള്‍ അദ്ദേഹത്തെ അമേരിക്കന്‍ സെനറ്റ് സമിതി തങ്ങളുടെ ആസ്ഥാനത്തു വിളിച്ചുവരുത്തി. അതിന്റെ ചെയര്മാന് ചോദിച്ചു: എന്താണ് അമേരിക്കയില്‍ സംഭവിക്കുന്നത്? എല്ലാ ചോദ്യത്തി
നും അദ്ദേഹത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ”എനിക്കു തെറ്റ് പറ്റി”. താങ്കളുടെ തെറ്റിന് അമേരിക്ക നല്കുന്ന വിലയെന്താണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. ആഗോള സാമ്പത്തിക പ്രതിസന്ധി വാള്‍സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ചു ലോകത്ത് എല്ലായിടത്തേക്കും പടര്‍ന്നപ്പോള്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ എല്ലാവര്ക്കും മുതലാളിത്തത്തിന്റെ അടിസ്ഥാന പാളിച്ചകളെ സംബന്ധിച്ച പാഠമാകേണ്ടതാണ്. പ്രതിസന്ധി തുടങ്ങിയ ശേഷം അമേരിക്കയുടെ നേതൃത്വത്തിലെത്തിയ ഒബാമ ഭരണകൂടം ഉടന്‍ തന്നെ മുതലാളിത്തം അത്വരെ പറഞ്ഞിരുന്നതിന് നേരെ എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം ദേശസാല്‍ക്കരണ നടപടി ത്വരിതപ്പെടുത്തി, ബാങ്കുകളുടെ ലയനം അടക്കമുള്ള ബാങ്കിങ് പരിഷ്കാരങ്ങള്‍ നിര്‍ത്തിവച്ചു, മാര്‍ക്കറ്റുകളുടെയും ഷെയര്‍ മാര്‍ക്കറ്റുകളുടെയും മേലെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായ ആശയങ്ങളെയും പ്രതിനിധികളെയും പരിഷ്കരണത്തിന്റെ പേരില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു.
നാം വിദേശ ആശയങ്ങളെ മാത്രമല്ല ഇറക്കുമതി ചെയ്യുന്നത്. പരാജയപ്പെട്ട മുതലാളിത്ത ആശയങ്ങളുടെ വക്താക്കളെയും സാമ്പത്തിക പരിഷ്കാരങ്ങളില്‍ ഇന്ത്യാഗവണ്മെന്റിനെ ഉപദേശിക്കാന്‍ നിയോഗിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാനപ്പെട്ട മുഖങ്ങളായ ദേശീയ സമ്പദ്ഘടനയുടെയും, തൊഴിലാളികളുടെയും, വ്യവസായങ്ങളുടെയും താല്പര്യങ്ങളുടെ വെളിച്ചത്തില്‍ സ്വകാര്യവത്ക്കരണനയത്തെ സസൂക്ഷ്മം നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്.
പൊതുമേഖല സേവനമേഖലയാണ്
രാജ്യത്തെ എട്ടു വന്‍ വ്യാവസായികള്‍ ചേര്‍ന്ന് ശുപാര്‍ശ ചെയ്ത 1944ലെ ബോംബെ പ്ലാന്‍ പ്രധാനമായും പരിഗണിച്ചതും ശുപാര്‍ശ ചെയ്തതും വലിയ പൊതുമേഖലകളെയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വ്യവസായങ്ങളും, തന്ത്രപ്രധാനമായ മേഖലകളും, വലിയ മുതല്‍മുടക്ക് വേണ്ട വ്യവസായ സംരംഭങ്ങളും പൊതുമേഖലയില്‍ മാറ്റിവയ്ക്കണമെന്നവര് നിര്‍ദേശിച്ചു. അങ്ങനെയാണ് ജനങ്ങളെ സേവിക്കും വിധമുള്ള വലിയ പൊതുമേഖലാ സംരംഭങ്ങള്‍ സ്വതന്ത്ര ഭാരതത്തില്‍ യഥാര്‍ത്ഥ്യമായത്. ജനങ്ങള്‍ക്ക് ഇടതടവില്ലാതെ മിതമായ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഉദ്ദേശം. പൊതുമേഖലയ്ക്ക് വിലനിയന്ത്രണത്തില്‍ സഹജമായ പ്രേരണയുണ്ട്. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകര്‍ ഉല്‍പ്പാദനം നിയന്ത്രിച്ചുകൊണ്ട് മാര്‍ക്കറ്റില്‍ സാധനങ്ങളുടെ ലഭ്യത കൃത്രിമമായി ചുരുക്കുകയും വില കൂട്ടുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ദേശീയ താല്പര്യങ്ങളെക്കാള് അവര്‍ക്ക് ലാഭം ആണ് പ്രധാനം. എന്നാല്‍ പൊ
തുമേഖലയെ സംബന്ധിച്ചിടത്തോളം ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ ദേശീയ താല്‍പ്പര്യമാണ് പ്രധാനം. ഇത്തരത്തില്‍ പരിശോധിച്ചാല്‍ പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കു വ്യക്തമാണ്. പല കമ്മിറ്റികളും ഇത്തരം പ്രധാന മേഖലകള്‍ സര്‍ക്കാരിന്റെ കൈകളില്‍ തന്നെ സൂക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചക്രവര്‍ത്തി കമ്മിറ്റി, ഖുസ്രോ കമ്മിറ്റി എന്നിവ പൊതുമേഖലാ ബാങ്കുകളുടെ ലക്ഷ്യം വ്യക്തമായി പറഞ്ഞിരിക്കുന്നത് ജനങ്ങളെ സേവിക്കുക എന്നതാണ്. അതുകൊണ്ടാണ് ബാങ്കുകള്‍ നിര്‍ബന്ധമായും മുന്‍ഗണനാമേഖലയില്‍ പ്പെടുത്തി 40 ശതമാനം തുക ഗ്രാമീണ മേഖലയുടെ വികസനത്തിന് ചെലവഴിച്ചിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ ബാങ്കിങ് സംവിധാനം സ്വകാര്യവല്‍ക്കരിച്ചതോടെ ഇത് 10 ശതമാനമായി കുറച്ചു. യുഎസ് അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ പോലും എണ്ണ, ഇന്ധനം, മറ്റു തന്ത്രപ്രധാന മേഖലകള്‍ ഒക്കെ ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തിയിരിക്കുന്നു.
കൊല്ലരുത്, പൊന്മുട്ടയിടുന്ന താറാവാണ്
കോര്‍പ്പറേഷന്‍വല്‍ക്കരണം സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ചുവടുവയ്പ്പിലേക്കും പിന്നീടത് വ്യവസായങ്ങളുടെ വിദേശവല്ക്കരണത്തിലേക്കും നയിക്കുന്നു. റെയില്‍വേ, മിലട്ടറി ഉല്പാദന യൂണിറ്റ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ കോര്‍പ്പറേഷന്‍വല്‍ക്കരണം ഈ ദിശയിലേക്കാണ് നീങ്ങുന്നത്.
ഒരു നായയെ എളുപ്പം കൊല്ലണമെങ്കില്‍, അതിനെ പേപ്പട്ടി എന്നു വിളിച്ചാല്‍ മതി എന്നൊരു ചൊല്ലുണ്ട്. രാജ്യത്തെ സ്വകാര്യവല്‍ക്കരണ ലോബി അഴിച്ചു വിട്ടിട്ടുള്ള പൊതുമേഖല കഴിവുകെട്ടതാണ്, ദേശീയബാധ്യതയാണ്, നഷ്ടത്തിലാണ് എന്നീ പ്രചരണങ്ങള്‍ അപ്രകാരമുള്ളതാണ്. ഇന്ന് പൊതുമേഖല പൊതുവേ ലാഭത്തിലാണ്. നമുക്ക് കേന്ദ്ര പൊതുമേഖലയില്‍ അഭിമാനകരമായി വന്‍ ലാഭമുണ്ടാക്കുന്ന നവരത്ന കമ്പനികളുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ഇത് വിരളമാണ്. പബ്ലിക് എന്റര്‍പ്രൈസ് സര്‍വ്വേ 2018-19 പറയുന്നത് പ്രവര്‍ത്തനക്ഷമമായ 179 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലും 70 എണ്ണം നഷ്ടത്തിലും ആണെന്നാണ്. നഷ്ടത്തിലുള്ള ആദ്യ പത്ത് സ്ഥാപനങ്ങളാണ് 94.4% നഷ്ടത്തിനും ഉത്തരവാദി. ബാക്കി 60 കമ്പനികള്‍ വരുത്തുന്ന നഷ്ടം ആകെ നഷ്ടത്തിന്റെ ആറു ശതമാനത്തില്‍ താഴെ മാത്രമാണ്. കേന്ദ്ര പൊതുമേഖലയുടെ 2018-2019ലെ വരുമാനം 25,43,370 കോടിയാണ്. കഴിഞ്ഞവര്‍ഷം അത് 21,54,374 കോടിയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.03 ശതമാനം വര്‍ദ്ധന. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ തോത്, സ്വകാര്യ കമ്പനികള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ അധികവുമാണ്. എന്നിരിക്കെ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രസിദ്ധ സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ദ്ധന്, മുംബൈയിലുള്ള രമേഷ് ദമാനി അതി നിശിതമായിട്ടാണ് ദിവാന് ഹൗസിംഗ്, മന്പസന്ത് തുടങ്ങിയവയെ ഉദാഹരണമാക്കി സ്വകാര്യമേഖലയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നത്. എന്നാല്‍ ഭാരത് ഇലക്ട്രോണിക്സ്, കണ്ടെയ്നര്‍ കോര്പ്പറേഷന് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും പ്രിയപ്പെട്ടവയാണ്. മറ്റൊരു രസകരമായ കാര്യം ഫോര്‍ബ്സ് മാഗസിനിലെ താരങ്ങള്‍ പലരും വലിയ കടബാധ്യത ഉള്ളവരാണെന്നതാണ്. ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, ഐഡിയ തുടങ്ങിയവയൊക്കെ ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതയുള്ളവരാണ്. എന്നാല്‍ പൊതുമേഖലയിലുള്ള ബിഎസ്എന്‍എല്‍ ടെലികോം വ്യവസായത്തില്‍ ഏറ്റവും കുറഞ്ഞത് 15,000 കോടി രൂപ മാത്രം കടബാധ്യതയുള്ള കമ്പനിയാണ്. ഇന്ന് പൊതുമേഖലാ ബാങ്കുകള്‍ സാമ്പത്തികമായി ചോര്‍ന്നൊലിക്കാന്‍ കാരണം സ്വകാര്യമേഖല വരുത്തിവെച്ച കിട്ടാക്കടമാണ്. വിജയ് മല്ല്യ ഉണ്ടായത് പൊതുമേഖലയില്‍ അല്ല. കല്‍ക്കരി മേഖല ഏറ്റവും ലാഭകരമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കോള്‍ ഇന്ത്യയുടെ ലാഭം 2018-2019ല്‍ ഏതാണ്ട് ഇരട്ടിയിലധികമാണ്. സ്ഥാപനത്തെ കൊല്ലാന്‍ വിധിച്ചപ്പോഴും സര്‍ക്കാരിന് വന്‍ നികുതിയും, ഓഹരി ഉടമകള്‍ക്ക് ഡിവിഡന്‍ഡും കൊടുത്ത ശേഷമാണ് ഈ ലാഭം എന്നോര്‍ക്കണം.
നഷ്ടത്തിന്റെ യഥാര്‍ത്ഥ കഥ
ഇന്ത്യയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ പത്തു കമ്പനികളുടെ പട്ടികയില്‍ ബിഎസ്എന്‍എല്ലും, എയര്‍ ഇന്ത്യയും ആറും ഏഴും സ്ഥാനത്താണ്. മറ്റ് കമ്പനികള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സ്വകാര്യ വിമാന കമ്പനികള്‍ പരാജയപ്പെട്ടിരിക്കുന്നു. താരതമ്യേന ചെറിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് എയര്‍ ഇന്ത്യയെക്കാള്‍ നഷ്ടത്തിലാണ്. എയര്‍ടെല്‍, റിലയന്‍സ്, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തില്‍ ബിഎസ്എന്‍എല്ലിന്റെ തൊട്ടുപിന്നിലുണ്ട്. ബിഎസ്എന്‍എല്ലിന്റെ അടിസ്ഥാന സൗകര്യവും, ജീവനക്കാരുടെ എണ്ണവും, ശമ്പളവും പരിഗണിക്കുമ്പോള്‍ മറ്റു മൂന്ന് കമ്പനികളും ബിഎസ്എന്‍എല്ലിന്റെ അടുത്തെങ്ങും എത്തുന്നില്ല. സ്റ്റേറ്റ് ട്രേഡിങ് കോര്പ്പറേഷന്, എംഎസ്ടിസി, ചെന്നൈ പെട്രോളിയം കോര്പ്പറേഷന് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം വരെയും ലാഭത്തിലായിരുന്നു. ഇപ്പോള്‍ നഷ്ടത്തിലോടുന്ന ആദ്യ 10 കമ്പനികളില്‍ ഇടം പിടിച്ചിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം അവിടെ പെട്ടെന്ന് എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ്. ഇതു സംബന്ധിച്ച വിശദ പഠനം നടത്തണം.
സ്വകാര്യ വ്യവസായങ്ങള്‍ പരാജയപ്പെടുമ്പോഴൊക്കെ പൊതുമേഖല മുന്നോട്ടുവന്ന് ദുരിതങ്ങള്‍ തങ്ങളുടെ ചുമലിലേല്ക്കുന്നു. അമ്രപാലി ബില്‍ഡേഴ്സിന് അവരുടെ ഉപഭോക്താക്കള്‍ക്ക് ഫഌറ്റ് സമയത്തിന് കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സുപ്രീംകോടതി പൊതു മേഖലയിലെ എന്ബിസിസിയോടാണ് ഫഌറ്റ് നിര്‍മ്മിച്ച് കൈമാറാന്‍ നിര്‍ദേശിച്ചത്. റിലയന്‍സിന് 150 രൂപ നിരക്കില്‍ ദല്‍ഹി മെട്രോ ഓടിക്കാന്‍ കഴിയാത്തിടത്ത് ഡിഎംആര്‍സി ഏറ്റെടുത്ത് 60 രൂപ നിരക്കില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എയര്‍ ഇന്ത്യയുടെ വര്‍ക് ഷോപ്പുകളും, എയര്‍ റൂട്ടുകളും യുപിഎ സര്‍ക്കാര്‍ വിറ്റ് കഴിഞ്ഞപ്പോള്‍ പിന്നീടത് നഷ്ടത്തിലായി. സ്വകാര്യമേഖലയിലെ കാപ്ടീവ് കല്‍ക്കരി ഖനി ബ്ലോക്കുകളിലും ഉല്പാദനം കുറയുന്നതും അവര്‍ പൊതുമേഖലയിലെ കോള്‍ ഇന്ത്യ കമ്പനിയെ ആശ്രയിക്കുന്നതും കണ്ടുവരുന്നു. കല്‍ക്കരിയുടെ കാപ്ടീവ് ബ്ളോക്കുകളിലെ ഉല്പാദനം 2010ല്‍ 8% ആയിരുന്നത് 2014ല്‍ 5% ആയി കുറഞ്ഞു. 218 കാപ്ടീവ് ബ്ലോക്കുകള്‍ ലേലത്തില്‍ കൊടുത്തതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും 42 എണ്ണം മാത്രമേ ഉല്പാദനം തുടങ്ങിയുള്ളൂ. അതിനിടയില്‍ സുപ്രീം കോടതി ആ ലേലം റദ്ദാക്കുകയും ചെയ്തു. 2011ല്‍ വിജയ് മല്ല്യയുടെ കിങ് ഫിഷര്‍ വിമാന കമ്പനി നഷ്ടത്തിലായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് നേരിട്ട് ഇടപെട്ട് സര്‍ക്കാര്‍ സഹായം നല്കി. അങ്ങനെ നഷ്ടത്തിലോടുന്നവയെ ദേശസാല്‍ക്കരിക്കുകയും ലാഭത്തില്‍ ഓടുന്നവയെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണ് നമ്മുടെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ കാണുന്നത്.
സ്വകാര്യവത്കരണ ലോബി
പൊതുമേഖലാ സ്ഥാപനങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കിടയാക്കുന്ന നിരവധി അസന്തുലിതമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്വകാര്യവത്ക്കരണം, ഡിസ്ഇന്‍വെസ്റ്റ്മെന്റ്, തന്ത്രപ്രധാന വില്‍പ്പന, നേരിട്ടുള്ള വിദേശ നിക്ഷേപം, ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ലയനം തുടങ്ങിയവ. കോര്‍പ്പറേഷന്‍വല്‍ക്കരണം സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ചുവടുവയ്പ്പിലേക്കും പിന്നീടത് വ്യവസായങ്ങളുടെ വിദേശവല്ക്കരണത്തിലേക്കും നയിക്കുന്നു. റെയില്‍വേ, മിലിട്ടറി ഉല്‍പ്പാദന യൂണിറ്റ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ കോര്‍പ്പറേഷന്‍വല്‍ക്കരണം ഈ ദിശയിലേക്കാണ് നീങ്ങുന്നത്.
ആദ്യകാലത്ത് നഷ്ടത്തിലോടുന്ന പൊതു മേഖലകളെ വില്‍ക്കുക എന്നതായിരുന്നു പൊതു മേഖലകളെ വിറ്റഴിക്കുന്നവരുടെ സ്വപ്നം. എന്നാല്‍ നഷ്ടത്തിലോടുന്നവ വാങ്ങാന്‍ സാമാന്യ ബുദ്ധിയുള്ള ആരും വരില്ലെന്ന് പിന്നീട് അവര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ലാഭത്തില്‍ ഓടുന്ന പൊതുമേഖലകള്‍ ചൂടോടെ വില്‍ക്കുകയെന്ന നയത്തിലേക്ക് മാറി. ഇന്ന് ഭാരതത്തിന്റെ വിലപ്പെട്ട രത്നങ്ങള്‍, മഹാരത്നകള് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. മഹാരത്ന ബിപിസിഎല്‍, കോള്‍ ഇന്ത്യ ലിമിറ്റഡ് ഒക്കെയും ഇതിന്റെ ബലിയാടുകളായി തീര്‍ന്നിരിക്കുകയാണ്. നഷ്ടത്തിലായ എയര്‍ ഇന്ത്യ വാങ്ങാന്‍ ആരും വന്നില്ല. പിന്നീട് ഈ സ്ഥാപനം പരിശ്രമിച്ച് ഏതാണ്ട് ലാഭത്തില്‍ ആക്കുകയും വീണ്ടും ചൂടോടെ വില്ക്കാന് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെയാണ് നമ്മുടെ നയരൂപീകരണ ഉപദേശകരുടെ വിചിത്രമായ ആശയങ്ങള്‍.
സ്വകാര്യവല്‍ക്കരണത്തിന് ശേഷം കല്‍ക്കരിപ്പാടം വിലയ്ക്കുവാങ്ങിയ വ്യവസായികള്‍ വന്‍ ലാഭമുണ്ടാക്കുകയും, പാഴാക്കികൊണ്ടുള്ള ഖനനത്തിലൂടെ അതിന്റെ ഉറവിടം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. ട്രേഡ് യൂണിയനുകള്‍ വ്യാപാരപരമായി മൈനിങ് തുറന്നു കൊടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
റവന്യൂ വരുമാനത്തിലെ പ്രതിസന്ധി
ഗവണ്മെന്റ് നടത്തിപ്പിന് പണം ആവശ്യമാണ്. അതിനുള്ള എളുപ്പ വഴിയായി ”വിദഗ്ധര്‍” കണ്ടെത്തിയത് നമ്മുടെ പൂര്വികന്മാര് പടുത്തുയര്‍ത്തിയ ദേശീയ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുക എന്നതാണ്. മൂലധനം എടുത്ത് ചെലവഴിക്കുന്നത് നല്ല സാമ്പത്തിക നയം അല്ല. ഇന്ത്യയുടെ കടബാധ്യത, റവന്യൂ വരുമാനം കൂട്ടല്‍ എന്നിവയെ സംബന്ധിച്ച് ഒരു പുനര്‍ ചിന്തനം അത്യന്താപേക്ഷിതമാണ്. ഗവണ്മെന്റ് ചെലവുകള്‍ക്ക് അനുസൃതമായി വരുമാനം കൂട്ടേണ്ടതുണ്ട്. അതിനാല്‍ ഗവണ്മെന്റ് റവന്യൂ വരുമാനം കണ്ടെത്താനുള്ള മറ്റ് വഴികളെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം നടത്തേണ്ടതാണ്. വരുമാനം കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധി പരിഹരിക്കപ്പെടണം, വലിയ വ്യവസായങ്ങള്‍ക്ക് നഷ്ടസഹായം നല്‍കുന്നത് നിര്‍ത്തണം, അനാവശ്യ കോര്‍പ്പറേറ്റ് ഇളവുകള്‍ ഒഴിവാക്കണം, യഥാര്‍ത്ഥ സമ്പത്ത് നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കണം.
രാജ്യത്തെ സാമ്പത്തിക ഭരണത്തിന്റെ നയരൂപീകരണം നടത്തുന്നത് നിതി ആയോഗാണ്. ഇന്ന് നിതി ആയോഗിന്റെ പ്രധാന ജോലി പൊതുമേഖലയുടെ ”തന്ത്രപ്രധാന വില്പന”യാണ്. അതായത് വളരെ വ്യക്തമായി പറഞ്ഞാല്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ നമ്മുടെ ധനകാര്യ വിദഗ്ധന്മാര് ഗതികെട്ട രീതിയില്‍ രാജ്യത്തെ പൊതുമേഖല വിറ്റഴിച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
നിസ്സാര വിലയ്ക്ക് വില്‍ക്കുന്നു
പൊതുമേഖലയെ നിസ്സാര വിലയ്ക്ക് വില്ക്കുന്നതില് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വലിയ ആഘോഷത്തിലാണ്. അതിന്റെ ഏറ്റവും മോശമായ ഉദാഹരണം മുംബൈയിലെ ജൂഹു കടപ്പുറത്തുള്ള വിലപിടിച്ച സെഞ്ചുറി എയര്പോര്ട്ട്ഹോട്ടല് സ്വകാര്യവല്കരണമാണ്. അത് സര്‍ക്കാര്‍ വിറ്റത് വെറും 83 കോടി രൂപയ്ക്കാണ്, നാലുമാസത്തിനുള്ളില്‍ അവര്‍ അത് 115 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. സിഎജി അവരുടെ റിപ്പോര്‍ട്ടില്‍ വന്‍ നഷ്ടമാണു രേഖപ്പെടുത്തിയത്. എയര്‍ ഇന്ത്യക്ക് ദശാബ്ദങ്ങളായുള്ള സര്‍ക്കാര്‍ തല ചര്‍ച്ചകളുടെ ഫലമായി ലോകരാജ്യങ്ങളില്‍ 75 മില്യണ്‍ ഡോളര്‍ വിലയുള്ള 2500 സ്ലോട്ടുകളും, 30 രാജ്യങ്ങളില്‍ ലാന്‍ഡിങ് അധികാരങ്ങളുമുണ്ട്. അവയെല്ലാം ഇപ്പോള്‍ വില്ക്കാന് വച്ചിരിക്കുന്നു. മഹാരത്ന ബിപിസിഎല്ലിന് 8 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്, വിവിധ രാജ്യങ്ങളില്‍ സ്ഥലമുണ്ട്. അതിന്റെ 53% ഷെയര്‍ വാല്യൂവിന് കേവലം 55000 കോടി രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും തുടങ്ങിയപ്പോള്‍ ചുറ്റുപാടും ആള്‍ത്താമസമില്ലാത്ത ഉള്‍പ്രദേശമായിരുന്നു. ഇപ്പോള്‍ സ്ഥലം വികസിച്ചു, ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും വന്നു, ടൗണ്‍ഷിപ്പ് ആയി, സ്ഥലത്തിന് നല്ല വിലയായി, ഇനി അത് വിറ്റ് എടുക്കാന്‍ ഭൂമി മാഫിയകള്‍ വരെ സജീവമാണ്.
കച്ചവടമല്ല, മനുഷ്യത്വ മുഖമാണു വേണ്ടത്
ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കോവിഡ്19 ഫലപ്രദമായി നേരിട്ടതിന് കാരണം സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി സ്വകാര്യവല്ക്കരിക്കാത്തതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും സ്വകാര്യവല്ക്കരിച്ചത് മൂലം കോവിഡ്19 രോഗികള്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നു കൊടുക്കാന്‍ തയാറായില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നു. പ്രകൃതി ക്ഷോഭങ്ങളുടെ സമയത്ത് ബിഎസ്എന്‍എല്‍ വിദൂര സ്ഥലങ്ങളില്‍ പോലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സേവിക്കുന്നു. എന്നാല്‍, സ്വകാര്യ കമ്പനികളുടെ വിനിമയം വിഛേദിക്കപ്പെട്ടു
പൊതുമേഖലാ സ്ഥാപനങ്ങളുടെ സൗഭാഗ്യം അവര്‍ക്ക് അര്‍പ്പണ മനോഭാവമുള്ളവരുടെ വലിയ സമൂഹം ഉണ്ടെന്നതാണ്. സ്വന്തം ജീവന് പോലും സ്ഥാപനത്തിന് കൊടുക്കാന്‍ അവര്‍ തയാറാണ്. എന്നാല്‍, ഇന്ത്യയിലെ പൊതുമേഖല വളരെ അലക്ഷ്യമായും, നിരുത്തരവാദപരവുമായാണ് ഭരിക്കപ്പെടുന്നത്. ഉയര്‍ന്ന പദവിയിലിരിക്കുന്ന പലര്‍ക്കും കമ്പനി നടത്തിപ്പിലോ, വ്യവസായ നടത്തിപ്പിലോ ഒരു പരിചയവുമില്ല. രാഷ്ട്രീയ യജമാനന്മാര്ക്ക് ഇഷ്ടമില്ലാത്തവരെ ശിക്ഷയെന്ന നിലയില്‍ സ്ഥലം മാറ്റി പൊതുമേഖലയുടെ തലപ്പത്ത് ഇരുത്തുന്നത് സര്‍വ്വ സാധാരണമായി കണ്ടുവരുന്നതാണ്. കേരളത്തില്‍ത്തന്നെ ഇതിന് ഉദാഹരണമുണ്ട്. വളരെ സീനിയറായ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്തിയപ്പോള്‍ അദ്ദേഹത്തെ സ്റ്റീല്‍-മെറ്റല്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു.
കാഴ്ചപ്പാടില്ലായ്മയും, കെടുകാര്യസ്ഥതയും എങ്ങനെയാണ് പൊതു മേഖലയെ ബാധിക്കുന്നതെന്ന് പരിശോധിക്കാം. ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം നിര്‍മാണ കമ്പനി നഷ്ടത്തിലുള്ള 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ സ്ഥിരം സ്ഥാനം പിടിക്കുന്നു. ഡിജിറ്റല്‍ ലോകത്ത് വംശനാശം സംഭവിച്ച ദിനോസര്‍ ആണ് ഫോട്ടോ ഫിലിം നിര്‍മാണം. ലോകം മുഴുവന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലേക്ക് മാറിയപ്പോള്‍ ഈ സ്ഥാപനത്തിന് മാത്രം ഫോട്ടോ ഫിലിം ഉല്പ്പാദിപ്പിക്കുന്നത്തിന്റെ പ്രസക്തി മനസ്സിലായിരുന്നില്ല. കാലാനുസൃതമായ വൈവിധ്യവല്‍ക്കരണം ബിസിനസ് മാനേജ്മെന്റിന്റെ പ്രധാന രീതിയാണ്. ഈ സ്ഥാപനത്തില്‍ അത് കൊണ്ടുവരുന്നില്ല. ഇത്തരത്തില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വൈവിധ്യവല്കരണം ആവശ്യമായി വന്നിട്ടുണ്ട്. സ്വകാര്യവല്‍കരണത്തിലൂടെ അവയെ കൊല്ലുന്നതിന് പകരം ഇതാണ് ചെയ്യേണ്ടത്.
ട്രേഡ് യൂണിയനുകള്‍ അഭിപ്രായപ്പെടുന്നത്, കോള്‍ ഇന്ത്യ കമ്പനിയെ ശരിയായി മാനേജ് ചെയ്യുകയാണെങ്കില്‍ നമ്മുടെ രാജ്യത്തിന് ഇറക്കുമതി കൂടാതെ ആവശ്യമായ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ്. അതിനുള്ള ശേഷി കോള്‍ ഇന്ത്യയ്ക്കുണ്ടെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിന്റെ കഴിവു കേടിനെ സ്വകാര്യവല്കരണം കൊണ്ട് പരിഹരിക്കാമെന്ന് കരുതുന്നത് തെറ്റാണ്. അത് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ചാടുന്നതിന് തുല്യമാണ്.
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ വലിപ്പവും, കാഴ്ചപ്പാടില്ലായ്മയും ലോക്സഭയില്‍ സര്‍ക്കാര്‍ വിശദീകരിക്കുകയുണ്ടായി. നഷ്ടത്തിലോടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങളെന്തന്നാല് കാലപ്പഴക്കം ചെന്ന പ്ലാന്റുകള്‍, മെഷിനറികള്‍, വലിയ പലിശ ബാധ്യത, അഴിമതി, വിഭവങ്ങളുടെ അപര്യാപ്തത, അധികരിച്ച മനുഷ്യശേഷി, ശേഷിയുടെ കുറഞ്ഞ തോതിലുള്ള ഉപയോഗം, കുറഞ്ഞ ഉല്‍പ്പാദനം, കൂടിയ ഉല്‍പ്പാദനച്ചെലവ്, ലാഭകരമല്ലാത്ത വില തുടങ്ങിയവയാണ്. പൊതുമേഖലാ ബാങ്കുകളെ നഷ്ടത്തിലേക്ക് നയിക്കുന്നത് സ്വകാര്യമേഖലയില്‍ നിന്നുള്ള കിട്ടാക്കടമാണ്.
പതിയെ കൊല്ലുക
പൊതുമേഖലയിലെ ടെലികോം കമ്പനിയും ബിഎസ്എന്‍എല്ലും 2009 വരെ ലാഭത്തില്‍ ആയിരുന്നു. പിന്നെ എങ്ങനെയാണ് നഷ്ടമുണ്ടാക്കുന്ന ആദ്യത്തെ പത്ത് കമ്പനികളില്‍ ബിഎസ്എന്‍എല്‍ വന്നത്? എങ്ങനെയാണ് മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ബാങ്കുകള്‍ ലക്ഷക്കണക്കിനു കോടി രൂപ ചെറിയ സെക്യൂരിറ്റിയില്‍ ലോണ്‍ കൊടുക്കുന്നത്? എന്തുകൊണ്ട് വലിയ ആസ്തി ഉണ്ടായിട്ടും ആധുനികവല്‍ക്കരണത്തിനായി ബിഎസ്എന്‍എല്ലിന് ബാങ്ക് പണം കൊടുത്തില്ല? എന്തുകൊണ്ടാണ് ഈ വിവേചനം? വ്യക്തമാണ്. സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഒരു വഴി പതിയെ പൊതുമേഖലയുടെ മരണം ഉറപ്പാക്കുകയാണ്. ബിഎസ്എന്‍എല്ലിന് രാജ്യത്തെ ഏറ്റവും വലിയ നെറ്റ് വര്‍ക്കും, ആസ്തിയും, അടിസ്ഥാന സൗകര്യവും ഉണ്ടായിട്ടും, ലക്ഷക്കണക്കിന് കടബാധ്യതയുള്ള മറ്റ് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലോണ്‍ കൊടുക്കുകയും, താരതമ്യേന കുറഞ്ഞ കടബാധ്യതയുള്ള ബിഎസ്എന്‍എല്ലിനു ലോണ്‍ കൊടുക്കാതിരിക്കുകയും ചെയ്തു. ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ നവീകരണത്തിന്റെ അഭാവത്തില്‍ ഉപഭോക്താക്കള്‍ അതൃപ്തരാവുന്നു. അങ്ങനെ അവര്‍ സ്ഥാപനത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടുതന്നെ ഗുണപരമായ പു
രോഗതിയോ കാലാനുസൃതമായ നവീകരണമോ പൊതുമേഖലയില്‍ നടക്കുന്നില്ല. മറിച്ച് വളരെ ബോധപൂര്‍വ്വമായി പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്.
ഇന്നത്തെ പൊതുമേഖലയുടെ പുതിയ രീതി സാവധാനം സ്ഥാപനത്തെ കൊലചെയ്ത് സ്വകാര്യവല്‍ക്കരണം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുക എന്നതാണ്. പല സിഇഒമാരും പരസ്യമായി പറയുന്നുണ്ട്, അവരുടെ ലക്ഷ്യം സ്ഥാപനത്തെ മികവുറ്റതാക്കുക എന്നതല്ല മറിച്ച് കഴിവതും വേഗത്തില്‍ സ്വകാര്യവല്‍ക്കരണ ദൗത്യം പൂര്‍ത്തിയാക്കുക എന്നതാണെന്ന്. അതില്‍ വിജയിച്ചാല്‍ വേഗം അവര്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള അടുത്ത കമ്പനിയിലേക്ക് സ്ഥലം മാറ്റപ്പെടുന്നു.
പ്രൊഫഷണലിസം-പൊതുമേഖലയുടെ സുവര്‍ണ്ണ മന്ത്രം
2014ല്‍ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെയും ധനകാര്യ വിദഗ്ധന്മാരുടെയും യോഗത്തില്‍, പൊതുമേഖലയുടെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമന്ത്രമാണ് ”പ്രൊഫഷണലിസം” എന്ന് പറയുകയുണ്ടായി. ഗുജറാത്തിലെ തന്റെ അനുഭവം അദ്ദേഹം പറഞ്ഞു: ”സാധാരണ ഗതിയില്‍ ധരിച്ചിരിക്കുന്നത് പൊതുമേഖല ജന്മം കൊള്ളുന്നത് തന്നെ മരിക്കാനാണ് എന്നാണ്. ഒന്നുകില്‍ വില്ക്കപ്പെടും അല്ലെങ്കില്‍ പൂട്ടപ്പെടും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് സ്ഥാപനങ്ങളെ പ്രൊഫഷണല്‍ ആക്കുകയാണ് (വൈദഗ്ധ്യവല്ക്കരിക്കുക) ചെയ്തത്”. ഇതാണ് ഇന്നും പ്രസക്തമായത്.
പരാജയപ്പെട്ട ഉദ്യോഗസ്ഥ മേധാവികളെ പൊതു മേഖലകളുടെ തലപ്പത്ത് നിന്ന് മാറ്റണം. പകരം ഐഎഎസ് പോലുള്ള പ്രത്യേക അഖിലേന്ത്യാ ബിസിനസ് മാനേജ്മെന്റ് കേഡര്‍ പൊതുമേഖലയില്‍ കൊണ്ടുവരുന്നതിനെപ്പറ്റി ചിന്തിക്കണം.
നിലവാരം കുറഞ്ഞ തൊഴില്‍ സൃഷ്ടിക്കുന്നു
സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി ജീവനക്കാരുടെ അവസ്ഥ ഭയാനകം ആവുന്നു. പൊതു മേഖലയില്‍ പൊതുവേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പൊതുമേഖലാ ജീവനക്കാര്‍ സ്ഥിരമാണ്, വൈദഗ്ധ്യമുള്ളവരാണ്, മാന്യമായ കൂലിയും ജോലി സാഹചര്യവും മാന്യതയും അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ കാഷ്വല്‍ കോണ്‍ട്രാക്ട് തൊഴിലാളികളുടെ താവളമായി സ്ഥാപനം മാറും. കുറഞ്ഞ കൂലിയും ഗുണപരമല്ലാത്ത തൊഴിലുമാണ് അനന്തരഫലം. വിആര്‍എസ് വാങ്ങി ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പിരിഞ്ഞുപോയി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യയാണ്. ഇതിന്റെ അര്‍ത്ഥം ഒരുലക്ഷം മാന്യമായ തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ്. പിന്നീട് അവര്‍ കുറഞ്ഞ കൂലിക്ക് നിലവാരം താഴ്ന്ന കാഷ്വല്‍, കോണ്‍ട്രാക്ട് തൊഴിലാളികളെ നിയമിക്കുന്നു. ഇന്ത്യയുടെ ഗുണനിലവാരമുള്ള തൊഴിലിടം നഷ്ടപ്പെടുകയും ആ സ്ഥാനത്ത് ഗുണനിലവാരമില്ലാത്ത തൊഴില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പണിയെടുക്കാനുള്ള നിയമപരമായ സുരക്ഷിതത്വം ഇല്ലാതാവുന്നു. മാന്യമായ വേതനം, സുരക്ഷ, ആരോഗ്യപരിരക്ഷ, നല്ല ജോലി സാഹചര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയവ ഇല്ലാത്ത സാഹചര്യം വരും. ഇന്ത്യയിലെ എല്ലാ മേഖലയും വിലകുറഞ്ഞ തൊഴിലാളികളുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യത്വ മുഖമുള്ള ബിസിനസ്സ്
ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കോവിഡ്19 ഫലപ്രദമായി നേരിട്ടതിന് കാരണം സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി സ്വകാര്യവല്ക്കരിക്കാത്തതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച് കഴിഞ്ഞു. അവരുടെ ആശുപത്രി വാതിലുകള്‍ കോവിഡ്19 രോഗികള്‍ക്കുവേണ്ടി തുറന്നു കൊടുക്കാന്‍ തയാറായില്ല. അതിനാല്‍ മരണസംഖ്യ വളരെ ഉയര്‍ന്നു. ഇന്ത്യയിലും പല സ്വകാര്യ ആശുപത്രികളില്‍ ഈ സ്ഥിതി ഉണ്ടായിട്ടുണ്ട്. പ്രകൃതി ക്ഷോഭങ്ങളുടെ സമയത്ത് ബിഎസ്എന്‍എല്‍ വിദൂര സ്ഥലങ്ങളില്‍ പോലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സേവിക്കുന്നു. എന്നാല്‍, സ്വകാര്യ കമ്പനികളുടെ വിനിമയം വിഛേദിക്കപ്പെടുന്നു.
കല്ക്കരിഖനികള് നമുക്ക് മുമ്പില്‍ തുറന്നു കാട്ടുന്ന ഒരു വിരോധാഭാസം വിലപ്പെട്ട പ്രകൃതി വിഭവങ്ങള്‍, ധാതുസമ്പത്തുക്കള്‍ എന്നിവയ്ക്കൊപ്പം ദാരിദ്ര്യവും നിലനില്ക്കുന്നു എന്നതാണ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശം പ്രകൃതി വിഭവങ്ങളുടെ കലവറയാണ്. ഭൂമിക്കടിയില്‍ വലിയ ധാതു നിക്ഷേപമാണ് ഉള്ളത്. എന്നാല്‍, അവയ്ക്ക് ചുറ്റുമുള്ള ഭൂമിക്ക് മുകളില്‍ മനുഷ്യന് പട്ടിണി കിടക്കുന്നു. ഈ മേഖലയാണ് ഇന്ത്യയുടെ പട്ടിണി ബെല്‍റ്റ്. സ്വകാര്യ സംരംഭകര്‍ ഈ വിലമതിക്കാനാവാത്ത സ്വത്തിനുവേണ്ടി വിലപേശുമ്പോള്‍, നമ്മുടെ നയരൂപീകരണക്കാര്‍ വിലപേശല്‍ തിരക്കിനിടയില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഈ പട്ടിണിപ്പാവങ്ങളെ മറക്കുന്നു. ഇത് മനുഷ്യത്വ രഹിതമാണ്. ഭാരതത്തിലെ ഭരണക്രമത്തിന് മനുഷ്യത്വ മുഖം ഉണ്ടാവണം. കച്ചവടത്തേക്കാള്‍ മനുഷ്യജീവിതം വിലമതിക്കേതുണ്ട്. സാമ്പത്തിക പ്രശ്നത്തില്‍പ്പെട്ടിരിക്കുന്ന അവസാനത്തെ ആളെയും ഉയര്‍ത്തുന്നത് വരെ ഭാരതീയ മസ്ദൂര്‍ സംഘത്തിന് പോരാട്ടം തുടരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: