മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച പൊന്നുംവില സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ഭൂമി ഏറ്റെടുക്കുന്നതുമായി റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഓഫീസുകള്‍ക്ക് സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കഴിഞ്ഞ 21ന് കത്ത് നല്‍കിയതോടെയാണ് ഓഫീസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായത്.
മൂവാറ്റുപുഴ, കോതമംഗലം മേഖലയിലൂടെ കടന്ന്പോകുന്ന 750 വീടുകളടക്കം 1500 ഓളംപേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2017ലാണ് സിവില്‍ സ്റ്റേഷനില്‍ ഓഫീസിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഭൂമിയേറ്റെടുക്കേണ്ട നടപടികള്‍ ഇതുവരെ പൂര്‍ത്തികരിച്ചില്ല. ഇതിന്റെ അലൈമെന്റ് സ്കെച്ച് റെയില്‍വേ നല്‍കിയിട്ടില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ ജോയിന്റ് സര്‍വ്വേനടത്തി ഭൂമിയേറ്റെടുക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച പദ്ധതി മോദിസര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്കംമറിച്ചിലാണ് റെയില്‍വേയുടെ ഈ നടപടിക്ക് കാരണമെന്നാണ് സൂചന. ശബരിപാതയുമായി ബന്ധപ്പെട്ട് ഇരട്ടി ഡോണ്‍ബോസ്കോ കോളേജിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കുകയും സ്ഥലം ഏറ്റെടുക്കുന്ന വില്ലേജുകളിലെ ഉടമകളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷമേ റിപ്പോര്‍ട്ട് കൈമാറാന്‍ കഴിയുകയുള്ളൂ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: