മുക്കം: പ്രളയഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കൊടിയത്തൂര്‍ – കാരക്കുറ്റി – പന്നിക്കോട് റോഡ് ഉദ്ഘാടനം കഴിഞ്ഞ ഉടനെ തകര്‍ന്നു. റോഡിന്റെ ഇരുവശങ്ങളിലേയും ടാറിംങ്ങ് ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്ന് ഒലിച്ചുപോയത്. ഏതാനും ദിവസം മുമ്പാണ് ജോര്‍ജ് എം. തോമസ് എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രണ്ട് കോടി രൂപ പ്രളയഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി നടത്തിയത്. മഴ ശക്തമാവുന്നതോടെ റോഡിന്റെ വലിയൊരു ഭാഗവും ഒലിച്ചു പോവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അതിനിടെ റോഡ് തകര്‍ന്ന് ഒലിച്ചുപോകാന്‍ സാദ്ധ്യത ഉള്ള ഒരു ഭാഗം കരാറുകാരന് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചിട്ടുണ്ട്.
ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി. അശാസ്ത്രീയമായാണ് റോഡിന്റെ നിര്‍മ്മാണം നടത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ടുകോടി രൂപ ചെലവഴിച്ചിട്ടും റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് ഓവുചാലോ സംരക്ഷണഭിത്തിയോ നിര്‍മ്മിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബിഎംബിസി നിലവാരത്തില്‍ നടത്തിയ ടാറിംങ്ങ് പലയിടങ്ങളിലും അപകടാവസ്ഥയിലാണ്. അശാസ്ത്രീയ റോഡ് നിര്‍മ്മാണം തകര്‍ച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യാനാണ് എംഎല്‍എയും ഉദ്യോഗസ്ഥരും ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രവര്‍ത്തി കഴിഞ്ഞ ഉടനെ റോഡ് തകര്‍ന്നത് നിര്‍മാണത്തിലെ അപാകതയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: