കുട്ടികളും രക്ഷിതാക്കളും തയാറാണ്, രാജ്യത്ത് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇനിയത് വിനിയോഗിച്ചാല്‍ മതി. പക്ഷേ രണ്ടു പ്രധാന പ്രശ്‌നങ്ങള്‍, അധ്യാപകരും സര്‍ക്കാരും സജ്ജമാണോയെന്നതും കൊറോണക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ നമ്മള്‍ പഴയ പടിയാകുമോയെന്നതുമാണ്. ഈ വലിയ മുന്നേറ്റം പിന്നീട് മറക്കുമോ, ഉപയോഗിക്കുമോ?
പുതിയ പഠന സമ്പ്രദായം സ്വീകരിക്കാന്‍ രാവിലെ തന്നെ കുളിച്ച് യുണിഫോമിട്ട്, വിക്‌ടേഴ്‌സ് ചാനല്‍ തുടങ്ങിയപ്പോള്‍ ഗുഡ്‌മോണിങ് ടീച്ചര്‍ പറഞ്ഞതായി സുഹൃത്ത് അറിയിച്ചു. ഈ ഡിജിറ്റല്‍ ക്ലാസ്സുകള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത് ഏതാനും അധ്യാപകരാണ്. അതിന് കേന്ദ്രീകൃത സ്വഭാവമാണ്. സ്‌കൂള്‍ തലത്തില്‍ ഓരോരോ അധ്യാപകരും സജ്ജരാകണം. സാങ്കേതിക തികവു നേടണം. അപ്പോഴേ പുര്‍ണ വിജയമാകൂ.
എല്ലാവര്‍ക്കും ഈ സംവിധാനം വിനിയോഗിക്കാന്‍ കഴിയുമോ? പലരും എന്നെ വിളിച്ചു ചോദിച്ചു ഏത് ടാബ് വാങ്ങണം, ഏത് മൊബൈല്‍ വാങ്ങണം എന്നൊക്കെ. എന്തായാലും പല കടകളിലും അന്വേഷിക്കുമ്പോള്‍ ഇത്തരം സാമഗ്രികള്‍ കിട്ടാനില്ല. രക്ഷിതാക്കളുടെ സംശയം ഞാന്‍ ഓട്ടോ ഓടിക്കാന്‍ പോകുമ്പോള്‍ മക്കള്‍ക്ക് ഫോണ്‍ കൊടുത്തിട്ട് പോകാമോ, ദുരുപയോഗമോ അബദ്ധമോ സംഭവിക്കുമോ എന്നൊക്കെയാണ്. രാജ്യത്ത് ഡിജിറ്റല്‍ സംവിധാനമുണ്ട്. അത് സര്‍ക്കാര്‍ പണം മുടക്കിയ പദ്ധതികള്‍ മാത്രമല്ല. സ്വകാര്യ കമ്പനികള്‍ ചെയ്തത് നമ്മള്‍ വിനിയോഗിക്കുകയുമാണ്.
അധ്യാപകര്‍ക്ക് ഇത് തത്ക്കാലം പ്രശ്‌നമായി തോന്നാം. പക്ഷെ പിന്നീട് ഗുണമാകും. അധ്യാപകര്‍ അവധിയെടുത്താലും ക്ലാസ് നടത്താന്‍ സാധിക്കും. കുട്ടികള്‍ക്കുള്ള നേട്ടം വലുതാണ്. ഒരു അധ്യാപകനെ മാത്രം ആശ്രയിക്കേണ്ട. ഏത് അധ്യാപകരുടെ ക്ലാസും ലഭ്യമാകും. ഒരു വിഷയത്തില്‍ വിവിധ ആളുകളുടെ വിശകലനം കിട്ടും. അത് നേട്ടമാണ്. അധ്യാപകരെ വിലയിരുത്താന്‍ ക്ലാസ് മുറിക്ക് പുറത്തുള്ളവര്‍ക്കും അവസരം വരുമെന്നത് അധ്യാപന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല അധ്യാപകനാകാനുള്ള മത്സരം ഉണ്ടാകും. പൊതുവേ, വിദ്യാഭ്യാസ നിലവാരം കൂടും. വിദ്യാഭ്യാസ ഉള്ളടക്കം വ്യാപകമായി സൃഷ്ടിക്കപ്പെടും.
പക്ഷേ, കോവിഡ് ഏതാനും മാസം കഴിയുമ്പോള്‍ മാറാം. എന്നാല്‍, സ്‌കൂളുകള്‍ പഴയപടിയാകുമെങ്കില്‍ വലിയ നഷ്ടമാകും. ക്ലാസ് മുറികളിലേക്ക് തിരിച്ചുവരുന്നതിനൊപ്പം സമാന്തരമായി ഈ ഡിജിറ്റല്‍ മാര്‍ഗം തുടരുകയും വേണം. എങ്കിലേ പരാജയപ്പെടാതിരിക്കൂ.
ഐടി പഠിപ്പിക്കല്‍ രീതിമാറണം. ഐടിയെക്കുറിച്ചല്ല പഠിപ്പിക്കേണ്ടത്, ഐടിയുടെ സാധ്യത, അതിലെ ചതിക്കുഴികള്‍, ഐടി നിയമം, പുതിയ പ്രവണതകള്‍ തുടങ്ങിയവ പഠിപ്പിക്കണം. ഐടി അധിഷ്ഠിത പഠനമാകണം. ഡ്രൈവിങ് പഠിക്കുമ്പോള്‍ റോഡിലെ അപകട സാധ്യതയും നിയമങ്ങളും പഠിക്കണം. എങ്കിലേ അപകടം ഇല്ലാതെ ലക്ഷ്യത്തിലെത്തൂ.
വി.കെ. ആദര്‍ശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: