ന്യൂദല്‍ഹി: ലോകരാജ്യങ്ങള്‍ക്കിടയില്‍ വികസന മുന്നേറ്റം കാഴ്ചവെച്ച് ശക്തിയോടെ മുന്നോട്ടു പോകുന്ന ഭാരതത്തിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമവുമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ താക്കീത് നല്കി തല ഉയര്‍ത്തി ഇന്ത്യ. കമ്മ്യൂണിസ്റ്റ് ചൈനയും നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനങ്ങള്‍ നടത്തുന്നത്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ കടന്നു കയറാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വത്തില്‍ സര്‍ക്കാരുള്ള ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
ഇന്ത്യക്കെതിരെയുള്ള നീക്കത്തില്‍ ചൈനയുടെ വഴികാട്ടിയായാണ് നേപ്പാള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്നത് ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസുമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കി.മീറ്റര്‍ വരുന്ന ലിംപിയാദുരെ, കാലാപനി,ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള പാതയാണ് ലിപുലേഖ്. 1962ലെ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്നലെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പായതോടെ ബില്ല് പാര്‍ലമെന്റില്‍ പാസാകാനാണ് സാധ്യത. നേപ്പാള്‍ നിയമ മന്ത്രി ശിവ മായയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നേപ്പാളിന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. നേപ്പാളിന്റെ വാദം ചരിത്രവസ്തുതകള്‍ക്കെതിരാണ്. ഉടന്‍ ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതത്തെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായിഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാസം ആദ്യം തന്നെ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കിയുന്നു.
ലിപുലേഖുമായി ഉത്തരാഖണ്ഡിലെ ധര്‍ച്ചുലയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ തുറന്നതിനുപിന്നാലെയാണ് ഭൂപടപരിഷ്കരണനടപടികളുമായി നേപ്പാള്‍ രംഗത്തെത്തിയത്. എന്നാല്‍, ഇതൊന്നും അംഗീകരിച്ച് കൊടുക്കില്ലെന്ന് സൈന്യവും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാളിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കാരുമായും ഇടപഴകാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയാറെടുക്കുമെന്ന സൂചന കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് ചൈന പുറത്തുവിട്ടിരുന്നു. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളോടും യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഇന്ത്യക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമെന്നാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഈ ഉത്തരവ്.
ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. ഇതോടെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു. ഇരു രാജ്യങ്ങളും പ്രകോപം തുടരുന്നതോടെ ഇടമുറിയാതെയുള്ള സൈന്യത്തിന്റെ ചങ്ങല വിന്യാസം ഇന്ത്യ അതിര്‍ത്തികളില്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: