കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സി.പി.എം നേതാവിനെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. നിഷാദിന്റെയും ബന്ധുക്കളുടേയും അക്കൗണ്ട് വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവന്‍ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികള്‍ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കെയാണ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ നിഷാദ് വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്.
2018 ആഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ സ്വന്തം അക്കൗണ്ടില്‍ വിദേശത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ പണം സ്വീകരിച്ച നിഷാദിനെതിരേ അന്ന് പരാതി ഉയര്‍ന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തില്‍ കേസൊതുക്കി. എന്നാല്‍ പാരാതിക്കാരന് പി.എ. മാഹിന്‍കുട്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ക്കെതിരേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണെന്ന വ്യാജേന പണപ്പിരിവ് നടത്തിയതിന് പോലിസ് കേസെടുത്തത്. വാര്‍ഡിലെ വൃദ്ധ അന്തേവാസികള്‍ താമസിക്കുന്ന കരുണാലയത്തില്‍ റിലീഫ് ക്യാമ്പ് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയായിരുന്നു പണപ്പിരിവ്. പണം പ്രളയ നിധിയിലേക്ക് കൈമാറുകയോ ദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടി ചെലവഴിക്കുകയോ ചെയ്യാതെ സ്വന്തമാക്കി.
വിദേശത്തെ രണ്ട് സുഹൃത്തുക്കള്‍ നല്കിയ പണം അന്ന് തന്നെ കരുണാലയത്തിലെ 140 അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്നാണ് കൗണ്‍സിലറുടെ വിശദീകരണം. സ്വകാര്യ ബാങ്കുകളില്‍ ഉള്‍പ്പെടെ അഞ്ച് അക്കൗണ്ടുകളുള്ള കൗണ്‍സിലര്‍ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലാണ് വിദേശത്തെ സുഹൃത്തുക്കളില്‍ നിന്ന് പണം സ്വീകരിച്ചത്. സുഹൃത്തുക്കള്‍ നല്കിയ പണം അന്ന് തന്നെ പിന്‍വലിച്ച് കരുണാലയം അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്ന് കൗണ്‍സിലര്‍ പോലീസിന് മൊഴിനല്‍കി. നിവര്‍ന്നു നില്ക്കാന് പോലും വയ്യാതെ അവശരായ കരുണാലയത്തിലെ അന്തേവാസികള്‍ക്ക് മുട്ട് വരെ നീളമുള്ള പിവിസി ബൂട്ടുകള്‍ വാങ്ങി നല്‍കിയെന്ന കൗണ്‍സിലറുടെ മൊഴി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് പരാതിക്കാരന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: