കോഴിക്കോട്: കോവിഡ് കാലത്ത് അധ്യയനവര്‍ഷവും ചരിത്രമാവുകയാണ്. യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ ഈ വര്‍ഷമില്ല. അധ്യാപകര്‍ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഇന്ന് രാവിലെ 10ന് തുടങ്ങും. ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങള്‍ നിശ്ചിത സമയക്രമത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ടെലിവിഷന്‍ ചാനലായ വിക്ടേഴ്സിലും ലഭ്യമായ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികള്‍ വീട്ടിലിരുന്ന് അത് കാണുകയും ചെയ്യുന്ന രീതിയിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമായ ഇന്‍പുട്ടുകളോടെ, വീഡിയോ രൂപത്തില്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉള്‍പ്പെടുത്തി അധ്യാപകര്‍ തയ്യാറാക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.
രാവിലെ 10ന് ഓണ്‍ലൈന്‍ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ് മാസ്റ്റര്‍, പിടിഎ/ എം.പിടിഎ/ ജനപ്രതിനിധികള്‍, അതത് ക്ലാസ് ടീച്ചര്‍ എന്നിവരുടെ ആശംസാ സന്ദേശത്തോടെയാണ് ആരംഭിക്കുക. വിക്ടേഴ്സ് ചാനലില്‍ നടക്കുന്ന ‘ഫസ്റ്റ് ബെല്‍’ പ്രത്യേക പഠന ക്ലാസ്സുകള്‍ക്കൊപ്പം ജില്ലയില്‍ ഓരോ ക്ലാസ്സുകളിലെയും അധ്യാപകരുടെ ഇടപെടല്‍ കൂടിയുണ്ടാവും.
ജൂണ്‍, ഒന്ന് രണ്ട് തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച സ്കൂളുകളുടെ സൂക്ഷ്മതല ആസൂത്രണം നടക്കും. ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് നേരിട്ട് ഫോണ്‍ വിളിച്ചും പ്രാദേശിക കേന്ദ്രങ്ങള്‍ ഒരുക്കിയും ഓണ്‍ലൈന്‍ വിഭവങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും. ഇതിനായി ഓരോ ബിആര്‍സി തലത്തിലും വേണ്ട കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജീകരണങ്ങള്‍ ഉറപ്പാക്കി വരികയാണ്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള ഓണ്‍ലൈന്‍ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് റിസോഴ്സ് അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയവും ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനായി പഠനത്തെളിവുകള്‍ ശേഖരിക്കും. കുട്ടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിന് ആവശ്യമായ ഉപാധികള്‍ വികസിപ്പിക്കുകയും ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഉറപ്പാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: