ചേര്‍ത്തല: കോവിഡ് സ്രവ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ വെട്ടിച്ച് മുങ്ങി. ഇയാള്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വയലാര്‍ കൊല്ലപ്പള്ളി സ്വദേശിയെ ശനിയാഴ്ച രാവിലെ ആരോഗ്യ വകുപ്പ് അധികൃതരാണ് ആംബുലന്‍സില്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചത്.
സ്രവം എടുത്ത ശേഷം അധികൃതരെ വെട്ടിച്ച് ഇയാള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി ബസില്‍ പുതിയകാവില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം എത്തിയാള്‍ ഏറെ നേരം ആശുപത്രിയില്‍ കാത്തിരുന്നെങ്കിലും കാണാതായതോടെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിന് വിവരം കൈമാറിയത്. ഗുജറാത്തിലെ അലഹബാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ നാല് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. റെഡ്സോണില്‍ നിന്ന് എത്തിയ ഇയാളോട് മറ്റ് ആരുമില്ലാത്തതിനാല്‍ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാള്‍ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറേയും ബസില്‍ ഒപ്പം യാത്ര ചെയ്തവരേയും കണ്ടെത്താന്‍ നീക്കം തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ക്വാറന്റൈന് ലംഘനത്തിനെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: