ആത്മജ്ഞാനത്തെക്കുറിച്ചുള്ള ഗുരുവിന്റെ ഉപദേശം തുടരുന്നു.
ശ്ലോകം 195
ഭ്രാന്തിം വിനാ ത്വസംഗസ്യ
നിഷ്ക്രിയസ്യ നിരാകൃതേഃ
ന ഘടേതാര്‍ത്ഥ സംബന്ധോ
നഭസോ നീലതാദിവത്
അസംഗനും നിഷ്ക്രിയനും നിരാകാരനുമായ ആത്മാവിന് വിഷയങ്ങളുമാ.യി സംഗം ഉണ്ടെന്ന് തോന്നിക്കുന്നത് ഭ്രാന്തി മൂലമാണ്. ആകാശത്തിന് നീല നിറമുണ്ടെന്ന് കരുതുംപോലെയാണിത്. വാസ്തവമല്ല.
ആത്മാവ് ഒന്നേയുള്ളൂ എന്നതിനാല്‍ അതില്‍ നിന്ന് വേറിട്ട് രണ്ടാമതൊരു വസ്തുവില്ല. അതുകൊണ്ട് തന്നെ സംഗം ഉണ്ടാവുകയില്ല. ആത്മാവിനെ അസംഗനെന്ന് പറയുന്നത് ഇതുമൂലമാണ്. ആത്മാവ് സ്വയം നിറഞ്ഞിരിക്കുന്നതിനാല്‍ പൂര്‍ണ്ണനാണ്. അപൂര്ണ്ണതയുള്ളയിടത്താണ് അത് നികത്താനായി കര്‍മ്മങ്ങളും മറ്റുമുണ്ടാകുക. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ആത്മാവ് നിഷ്ക്രിയനാണ്. ആത്മാവിന് അവയവങ്ങളോ കരണങ്ങളോ ഇല്ലാത്തതിനാലും കര്‍മ്മമില്ല. അതിനുള്ള ഇടവുമില്ല.
നേടാന്‍ വേറെ ഒന്നും ഇല്ലാത്തതിനാല്‍ ആഗ്രഹങ്ങളുമില്ല. നിഷ്ക്രിയനാകുന്നത് ഇങ്ങനെയാണ്. ആത്മാവ് എങ്ങും നിറഞ്ഞതിനാല്‍ അതിന് രൂപമില്ല. അതുകൊണ്ട് നിരാകൃതിയാണ്. ഇങ്ങനെയൊക്കെയുള്ള ആത്മാവിന് സംഗം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മിഥ്യയാണ്. വെറും തോന്നല്‍ മാത്രമാണ്. അതില്‍ യാഥാര്‍ത്ഥ്യമില്ല. അജ്ഞാനത്തെ തുടര്‍ന്ന് ഉണ്ടായ ഭ്രാന്തി മൂലമാണ് വിഷയങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്. ഭ്രാന്തിയെ തുടര്‍ന്ന് സങ്കല്പങ്ങും അവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അനുഭവമണ്ഡലവും ഉണ്ടെന്ന പോലെ തോന്നിക്കും. ഈ തെറ്റിദ്ധാരണയാണ് സംഗത്തിന് വഴിവെയ്ക്കുന്നത്. ഇത് അഭിമാനത്തിനും കര്‍മ്മത്തിനും കാരണമാകും. ആകാശവും ആത്മാവും പല കാര്യത്തിലും ഒരുപോലെയാണ്. ആത്മാവിന്റെ അസംഗത്വവും നിഷ്ക്രിയത്വവും നിരാകാരത്വവുമൊക്കെ ആകാശത്തിലും കാണാം. അതിനാല്‍ ആകാശത്തിന്റെ ഉദാഹരണത്തെ നോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാകും.
ആകാശം യാതൊരു മാലിന്യങ്ങളും ഏല്ക്കാതെയിരിക്കുന്നതാണ്. അതിന് പ്രത്യേക നിറമോ രൂപമോ ഗുണമോ കാണില്ല. എന്നാല്‍ ചിലപ്പോള്‍ ആകാശം ചുവപ്പോ നീലയോ മറ്റോ ആയി കാണാം ഇത് അബദ്ധ ധാരണയാണ്. വെറും തോന്നലാണ്. ആകാശത്തിനെ ഒന്നും ബാധിക്കുന്നില്ല. നീലാകാശം എന്ന പ്രയോഗം തന്നെയുണ്ട്. എന്നാല്‍ ശരിക്ക് ആലോചിച്ചാല്‍ ആകാശത്തിന് നിറമില്ല എന്ന് നമുക്ക് മനസ്സിലാക്കാം.
ആകാശത്തിന് ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് കരുതുന്നതു പോലെ തന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. കുട്ടികളോ കുട്ടികളെ പോലെ ബാലിശമായ ബുദ്ധിയുള്ളവരോ ആണ് ആകാശത്തില്‍ പലതും ആരോപിക്കുന്നത്.
അതുപോലെ ആത്മാവില്‍ സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളിലെ അഭിമാനവും പഞ്ചകോശങ്ങളേയുമൊക്കെ ആരോപിക്കുകയാണ്. ഇത് വലിയ ഭ്രമമാണ്. അസംഗനായ ആത്മാവിന് വിഷയങ്ങളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.
വേണ്ട പോലെ ആത്മചിന്തനം ചെയ്യുന്നവര്‍ക്ക് ഇത് ബോധ്യമാകും. ഭ്രാന്തി മൂലമാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ ഉള്ളതായി തോന്നുന്നത്. അപ്പോള്‍ ശരീര മനോബുദ്ധികളില്‍ അഭിമാനിക്കുന്ന ജീവനായി പരിമിതപ്പെടുന്നു. ഈ ജീവഭാവം കല്പിതവും താല്ക്കാലികവുമാണ്. ആത്മസാക്ഷാത്കാരത്തിലൂടെ താന്‍ പൂര്‍ണ്ണനെന്ന് ബോധ്യമാകും വരെ ഇത് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: