തിരുവനന്തപുരം: സിപിഎം നേതാക്കളില്‍ നിന്ന് കേരളത്തിലെ പോലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്ന് ബിജെപി. അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം നേതാക്കള്‍ പോലീസ് സ്റ്റേഷനുകള്‍ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ കടന്നു കയറി പോലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കേരളം എത്രത്തോളം അരാജകത്വത്തിലായെന്നതിന്റെ തെളിവാണെന്നും ബിജെപി പറഞ്ഞു. കൊലവിളി നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയാറായിട്ടില്ല. സിപിഎമ്മുകാര്‍ ആക്രമിക്കുമെന്നും സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ലഭിക്കില്ലന്നുമുള്ള ഭയം മൂലമാണ് പോലീസ് കേസെടുക്കാത്തതെന്നും സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിയമം തെറ്റിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വാഹനം പോലീസ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമുള്‍പ്പെടുന്ന സംഘം പോലീസ് സ്റ്റേഷനിലെത്തി പോലീസുകാര്‍ക്കു നേരെ കൊലവിളി മുഴക്കിയത്. ഇത് സമ്പന്തിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അതിനനുവദിക്കാത്ത സിപിഎം നേതാക്കള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകണമെന്നും പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതികളെ സംരക്ഷികുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: