ന്യൂദല്‍ഹി: ലോകത്ത് പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗം മൂലം വലിയതോതില്‍ തകരുന്ന വ്യവസായമേഖലയായി മാളുകള്‍ മാറുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോഴും മാളുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇനി ലോക്ക്ഡൗണിനു ശേഷം ഒരുപക്ഷേ മാളുകള്‍ തുറക്കാന്‍ തീരുമാനിച്ചാലും ജനങ്ങള്‍ അങ്ങോട്ടേക്ക് വലിയതോതില്‍ എത്തില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വ്യക്തമാക്കുന്നത്. അതിനാല്‍, മാളുകളിലെ ഷോപ്പിങ് ഇടങ്ങള്‍ ഉപേക്ഷിച്ച് റോഡരുകില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തങ്ങളുടെ കേന്ദ്രം മാറ്റാന്‍ ഒരുങ്ങുകയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. മാളുകള്‍ ഹൈറിസ്ക് കേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്. സമൂഹവ്യാപനത്തിന് ഏറെ സാധ്യതയുള്ള ഇടമാണ് മാളുകള്‍. മാളുകളെല്ലാം എയര്‍കണ്ടീഷന്‍ഡ് ആണെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.
തിരക്കേറിയ മെട്രോ നഗരങ്ങളിലെല്ലാം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രങ്ങളുള്ളത് മാളുകളിലാണ്. ഇപ്പോള്‍ മക്ഡൊണാള്‍ഡ് ഉള്‍പ്പെടെ പ്രമുഖ ഭക്ഷണബ്രാന്ഡുകള് പ്രധാനമായും മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മക്ഡൊണാള്‍ഡ് തന്നെയാണ് ആദ്യമായി മാളുകളെ ഉപേക്ഷിച്ച് റോഡരുകില്‍ ഒറ്റപ്പെട്ടസ്ഥലത്ത് ഷോപ്പുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. വാടകയും പ്രവര്‍ത്തനചെലവും കുറവാണെന്നതും ഇവരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ട്.
2000ത്തിലാണ് രാജ്യത്ത് മാള്‍ സംസ്കാരം വളരെവേഗം ജനപ്രീതി നേടിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍ക്കൊപ്പം വിനോദസൗകര്യങ്ങളും മള്‍ട്ടിപ്ലക്സുകളും വന്നതോടെ ഇതുവലിയ തോതില്‍ ഹിറ്റായി മാറി. ഈ സംസ്കാരത്തിനാണ് കോവിഡ് എന്ന മഹാമാരിയിലൂടെ താത്കാലികമായെങ്കിലും തിരശീല വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: