കോഴിക്കോട്ടെ ആഴ്ചവട്ടത്തും ചാലപ്പുറത്തും ആരംഭിച്ച ശാഖകളിലൂടെയാണ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടതെങ്കിലും കേരളത്തില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് ചാലകശക്തിയായ നേതൃത്വത്തെ സംഭാവന ചെയ്തതില്‍ തിരുവനന്തപുരം നഗരത്തിനും നിര്‍ണായക പങ്കുണ്ട്. ആലപ്പുഴ മുഹമ്മയില്നിന്നുള്ള പി. പരമേശ്വരന്, കൊല്ലം ഐവര്‍കാല സ്വദേശി എം.എ. കൃഷ്ണന്, എറണാകുളം ആലുവക്കാരന്‍ കൊച്ചണ്ണന് എന്നറിയപ്പെട്ട സദാനന്ദന് പിള്ള, ചേരാനല്ലൂരിലെ കെ. രാമചന്ദ്രന് കര്‍ത്ത, പ്രമുഖ പ്രകൃതി ചികിത്സകനായിത്തീര്‍ന്ന സി.ആര്.ആര്.വര്‍മ എന്നിങ്ങനെ പില്ക്കാലത്ത് സംഘപരിവാറിന്റെ വികാസത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്ത നിരവധി പേര് തിരുവനന്തപുരം കളരിയുടെ സംഭാവനകളാണ്. ഈ നിരയില്‍ വരുന്ന ബലിഷ്ഠവും തിളക്കമാര്‍ന്നതുമായ കണ്ണിയാണ് നാരായണ്‍ജി എന്നറിയപ്പെടുന്ന പി. നാരായണന്.
ജന്മനാടായ തൊടുപുഴയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിന് തിരുവനന്തപുരത്തെത്തിയ നാരായണന്‍ജി ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഇന്റര്‍മീഡിയറ്റും ശാസ്ത്രബിരുദവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സുനിറയെ രാഷ്ട്രസേവനത്തിനുള്ള അഭിവാഞ്ഛയായിരുന്നു. ആര്‍എസ്എസിന്റെ ആദര്‍ശവുമായും, അത് ജീവിതവ്രതമാക്കിയ പ്രചാരകന്മാരുമായും അടുത്തിടപഴകാന്‍ കലാലയ വിദ്യാഭ്യാസ കാലത്ത് കഴിഞ്ഞു. തനിക്കും ഇവരിലൊരാളായിത്തീരണമെന്ന തീരുമാനത്തിന് വിഘാതമായേക്കാവുന്ന, അക്കാലത്ത് വിദ്യാസമ്പന്നനായ ഒരു യുവാവിന് സ്വാഭാവികമായി വന്നുചേരാവുന്ന ജീവിത സൗഭാഗ്യങ്ങളൊന്നും ആദര്‍ശധീരനായ ഈ സ്വയംസേവകനെ ആകര്‍ഷിച്ചില്ല.
ആര്‍എസ്എസ് പ്രചാരകനായി ആദ്യം ഗുരുവായൂരും തുടര്‍ന്ന് തലശ്ശേരിയിലും കോട്ടയത്തും പ്രവര്‍ത്തിച്ച നാരായണ്‍ജി സമൂഹമാകുന്ന ‘ഓപ്പണ്‍ യൂണിവേഴ്സിറ്റി’യില്നിന്ന് ജനസേവനത്തിനു വേണ്ട ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ സ്വന്തമാക്കി. സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍, മുതിര്‍ന്ന സംഘപ്രചാരകന്മാരായിരുന്ന യാദവറാവു ജോഷി, ബാലാ സാഹബ് ദേവറസ്, ദീനദയാല്‍ ഉപാധ്യായ, ഏകനാഥ് റാനഡെ, ജഗന്നാഥ റാവു ജോഷി, കെ. ഭാസ്കര്‍ റാവു, പി. മാധവ്ജി, പി. പരമേശ്വരന്, ആര്. ഹരി തുടങ്ങിയവര്‍ മാതൃകാധ്യാപകരുമായി.
സംഘടനാ പരിചയവും അഭിരുചിയുമുള്ള പ്രചാരകന്മാരെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിയോഗിക്കുന്ന ആര്‍എസ്എസിന്റെ രീതിയനുസരിച്ച് ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിലെത്തിയ നാരായണ്‍ജി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. പാര്‍ട്ടിയുടെ കോഴിക്കോട്ടു നടന്ന ദേശീയ സമ്മേളനം വന്‍ വിജയമായതില്‍ നാരായണ്‍ജിയുടെ പങ്കുമുണ്ട്. ഈ സമ്മേളനത്തിനുശേഷം ജനസംഘത്തിന്റെ ഉത്തരമേഖല സംഘടനാ സെക്രട്ടറിയും, 1970ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായി. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ 1977ല്‍ അവസാനിക്കുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു.
അടിയന്തരാവസ്ഥയില്‍ നാരായണ്‍ജിയും അറസ്റ്റ് ചെയ്യപ്പെട്ടു. അത് ജനസംഘം നേതാവെന്ന നിലയ്ക്കു മാത്രമായിരുന്നില്ല. ജന്മഭൂമി പത്രത്തിന്റെ ഉടമസ്ഥതയുള്ള മാതൃകാ പ്രചരണാലയത്തിന്റെ ചുമതലക്കാരന് എന്ന നിലയ്ക്കു കൂടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം പത്രം എറണാകുളത്തുനിന്ന് പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ നാരായണ്‍ജി മുഖ്യ ചുമതലക്കാരനായി. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ലോകത്തെ വലിയൊരു യാത്രയുടെ തുടക്കമായിരുന്നു ഇത്. ജനസംഘം ഇല്ലാതായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചുവെങ്കിലും ജനതാ പാര്‍ട്ടിക്കുശേഷം രൂപംകൊണ്ട ബിജെപിയുമായി നാരായണ്‍ജി ആത്മബന്ധം പുലര്‍ത്തി. കേരളത്തിലെത്തുന്ന അടല്‍ബിഹാരി വാജ്പേയിക്കും എല്‍.കെ.അദ്വാനിക്കും മറ്റും പ്രസംഗപരിഭാഷകനായി പലപ്പോഴും നാരായണ്‍ജി തന്നെ വേണമായിരുന്നു.
ആര്‍എസ്എസ് പ്രചാരകനായും രാഷ്ട്രീയ നേതാവായും പ്രവര്‍ത്തിക്കുന്നതിനിടെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞ നാരായണ്‍ജിക്ക് ജന്മഭൂമി ശരിയായ തട്ടകമായി. പി.വി.കെ. നെടുങ്ങാടി, എം.പി.മന്മഥന്, വി.എം. കൊറാത്ത് എന്നിങ്ങനെയുള്ള മഹാരഥന്മാര് പത്രത്തെ നയിക്കുന്ന കാലഘട്ടങ്ങളിലും നാരായണ്‍ജി ജന്മഭൂമിയുടെ എല്ലാമെല്ലാമായിരുന്നു. പത്രപ്രവര്‍ത്തനം പ്രത്യേകമായി പഠിച്ചിട്ടില്ലായിരുന്നുവെങ്കിലും പത്രപ്രവര്ത്തകന് എന്നത് നാരായണ്‍ജിയുടെ ‘
ആള്‍ട്ടര്‍ ഈഗോ’ തന്നെയായിരുന്നു. ഇതിനാല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒന്നും തനിക്ക് അന്യമല്ലെന്നും അസാധ്യമല്ലെന്നും തെളിയിച്ചു. റിപ്പോര്‍ട്ടുകളായും ലേഖനങ്ങളായും മുഖപ്രസംഗങ്ങളായും ജന്മഭൂമിയുടെ താളുകളെ അനുദിനം ഈ പത്രാധിപര്‍ സമ്പന്നമാക്കിക്കൊണ്ടിരുന്നു. ജന്മഭൂമിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുഖപ്രസംഗങ്ങള്‍ എഴുതിയത് ആരെന്ന ചോദ്യത്തിന് ഒരു മാത്രപോലും ആലോചിക്കാതെ മറുപടി പറയാം-നാരായണ്‍ജി. ഇതിനായി കൈകാര്യം ചെയ്ത വിഷയങ്ങള്‍ ഏതൊരു പണ്ഡിതനെയും അമ്പരപ്പിക്കാന്‍ പോന്നതാണ്. എഴുത്തിന്റെ വിഷയം ഏതായാലും സവിശേഷമായ രീതിയില്‍ അപഗ്രഥിച്ച് തനതായ രീതിയില്‍ നിലപാടുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
പത്രാധിപര്‍ എന്നു മാത്രം പറഞ്ഞാല്‍ അത് കേരള കൗമുദിയുടെ കെ. സുകുമാരനാണ്. സംഘപരിവാറിന്റെ പത്രാധിപര്‍ എന്നൊരു വിശേഷണം അര്‍ഹിക്കുന്ന ഒരാളേയുള്ളൂ- രണ്ട് പതിറ്റാണ്ടിലേറെക്കാലം ജന്മഭൂമിയുടെ പത്രാധിപരായിരുന്ന പി.നാരായണന്. ജന്മഭൂമിക്കും കേസരിവാരികയ്ക്കും വേണ്ടി മലയാളത്തില്‍ എഴുതുന്നതുപോലെ ‘ഓര്‍ഗനൈസര്‍’ വാരികയ്ക്കുവേണ്ടി ഇംഗ്ലീഷിലും, ‘പാഞ്ചജന്യ’ വാരികയ്ക്കുവേണ്ടി ഹിന്ദിയിലും നിരന്തരം നാരായണ്‍ജി എഴുതിക്കൊണ്ടിരുന്നു. വാര്‍ത്താവിനിമയ ബന്ധങ്ങളും വിവരസാങ്കേതിക വിദ്യയുമൊന്നും ഇന്നത്തേതുപോലെ വികസിക്കാത്ത കാലത്ത് പത്രപ്രവര്‍ത്തന മേഖലയില്‍ അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കുകയായിരുന്നു ഈ ഈ വ്യക്തി. ഇരുപത് വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഔദ്യോഗികമായി വിരമിക്കുമ്പോള്‍ ജന്മഭൂമി എന്നതിന്റെ മറുവാക്കായി നാരായണ്‍ജി മാറിയിരുന്നു. ഇപ്പോഴും ജന്മഭൂമി കുടുംബത്തിന്റെ കാരണവരായി തുടരുകയും, പത്രത്തിന്റെ വാരാദ്യപ്പതിപ്പില്‍ ‘സംഘപഥത്തിലൂടെ’ എന്ന പംക്തി വഴി വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ കാല്‍നൂറ്റാണ്ടായി തുടരുന്ന ഇതുപോലെ മറ്റൊരു പംക്തി ഉണ്ടോയെന്ന കാര്യം സംശയമാണ്. ആര്‍എസ്എസ് എന്ന പ്രസ്ഥാനം പിന്നിട്ട വഴികളിലൂടെയുള്ള ഒരു അനുഭവസ്ഥന്റെ ഹൃദയസഞ്ചാരമാണ് ഈ പംക്തി. കണ്ടതും കേട്ടതും അറിഞ്ഞതുമായ വ്യക്തികളെയും സംഭവങ്ങളെയും വാങ്മയ ചിത്രങ്ങളായി വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ഈ പംക്തി സാധാരണ മനുഷ്യരും മഹത്വത്തിന് അവകാശികളാണെന്ന സത്യത്തിന് അടിവരയിടുന്നു. അതേസമയം രാഷ്ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച വലിയ മനുഷ്യരുടെ വ്യക്തിത്വ സവിശേഷതകളിലേക്കും, വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റിയ അവരുടെ പ്രവര്ത്തനശൈലികളിലേക്കും വെളിച്ചം വീശുകയും ചെയ്യുന്നു. ആര്‍എസ്എസ്, ജനസംഘം, ബിജെപി തുടങ്ങിയ പ്രസ്ഥാനങ്ങളെ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ത്തിയെടുത്ത പ്രതിഭാശാലികളെക്കുറിച്ചാണ് ഇവയില്‍ അധികവും. സംഘപഥത്തിലുടനീളം കാണുന്നത് പുസ്തകങ്ങളില്‍നിന്നുള്ള അറിവുകളല്ല, നേരിട്ടറിഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് ഇവ പുതിയ വിവരങ്ങളാവുന്നു.
യാത്ര ഏറെ ഇഷ്ടപ്പെടുന്നയാളായതിനാല് നാരായണ്‍ജിയുടെ എഴുത്തുകളില്‍ അതിന്റെ ആഹ്ലാദം നിറയുന്നുണ്ട്. ഒരു പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരിക സവിശേഷതകളും വിവരിക്കുമ്പോള്‍, ഒപ്പം സഞ്ചരിക്കുന്ന അനുഭൂതി വായനക്കാര്‍ക്കുണ്ടാവും. യാത്രകള്‍ക്ക് കേരളമെന്നോ മറ്റിടങ്ങളെന്നോ വ്യത്യാസമില്ല. ഉത്തരഭാരതത്തിന്റെ പലയിടങ്ങളെക്കുറിച്ചും ചിരപരിചിതനായ ഒരാളെപ്പോലെ വിവരിക്കുന്ന ഈ എഴുത്തുകള്‍ ഒരര്‍ത്ഥത്തില്‍ മറ്റൊരു ഭാരതപര്യടനം തന്നെയാണ്. ഒരു ഫോണ്‍കോള്‍, ഒരു വിവാഹച്ചടങ്ങ് അല്ലെങ്കില്‍ ഒരു കത്ത്, ഇതുമതി മറവിയിലാണ്ടു പോയതോ അതുവരെ ആരും രേഖപ്പെടുത്താത്തതോ ആയ അനേകമനേകം സംഭവങ്ങളുടെ അകവും പുറവും വെളിപ്പെടുത്താന്‍.
അടിസ്ഥാനപരമായി ചരിത്രകാരനായ നാരായണ്‍ജിക്ക് മിത്തുകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, സ്ഥലനാമങ്ങള്‍ എന്നിവയില്‍ പല ഔദ്യോഗിക ചരിത്രകാരന്മാര്ക്കുമുള്ളതിനെക്കാള് അവഗാഹമുണ്ട്. ഐക്യകേരളത്തിന് മുന്‍പും പിന്‍പുമുള്ള രാഷ്ട്രീയ ഗതിവിഗതികളുടെ വിശദാംശങ്ങള്‍ ആ തൂലികത്തുമ്പിലുണ്ട്. സ്ഥാപിത താല്‍പ്പര്യക്കാര്‍ തമസ്കരിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ നിരന്തരം ഓര്‍മിപ്പിക്കാനും കഴിയുന്നു. അയ്യാ വൈകുണ്ഠ സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍, ഹിന്ദു മഹാമണ്ഡലം, 1921ലെ മാപ്പിളലഹള, രാമസിംഹന് കൊലക്കേസ്, അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന സമരം, ശബരിമല തീവെപ്പ് എന്നിവയെക്കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ നാരായണ്‍ജി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ആര്‍എസ്എസും സംഘപരിവാറുമായി ബന്ധപ്പെട്ട പല സംഭവങ്ങളുടെയും ആധികാരിക വിവരങ്ങള്‍ അറിയാവുന്ന ഒരാള്‍ നാരായണ്‍ജിയാണ്. ഗുരുജി ഗോള്‍വല്‍ക്കറുടെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനവും അതിനെതിരെ കമ്യൂണിസ്റ്റനുകൂലികള് നടത്തിയ അക്രമവും, പൊന്നാനി മണത്തല ക്ഷേത്ര ഘോഷയാത്രാ സമരം, 1967ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനം, മലപ്പുറം ജില്ലാ വിരുദ്ധ സമരം, തലശ്ശേരി വര്‍ഗീയ കലാപം, അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭം, മാര്‍ക്സിസ്റ്റക്രമ രാഷ്ട്രീയം, നിലയ്ക്കല്‍ സമരം തുടങ്ങിയവയെക്കുറിച്ച് നാരായണ്‍ജി രേഖപ്പെടുത്തിയിട്ടുള്ളത് ബദല്‍ ചരിത്രം തന്നെയാണ്. ആഗമാനന്ദ സ്വാമികള്‍, ആര്. ശങ്കര്‍, മന്നത്തു പത്മനാഭന്, ചിന്മയാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ക്ക് ആര്‍എസ്എസുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നാരായണ്‍ജി പറയുന്നത് മറ്റൊരിടത്തുനിന്നും അറിയാന്‍ കഴിയണമെന്നില്ല. ഇവയെക്കുറിച്ച് പലപ്പോഴായി എഴുതുമ്പോള്‍ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു എന്ന പ്രത്യേകതയുമുണ്ട്.
വളരെ സജീവമായ ബൗദ്ധിക ജീവിതമാണ് നാരായണ്ജിയുടെത്. മൗലിക രചനകളും വിവര്‍ത്തനങ്ങളുമായി 38 പ്രൗഢ ഗ്രന്ഥങ്ങള്‍ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഇവയ്ക്കു പുറമെ ശ്രീഗുരുജി സാഹിത്യസര്‍വസ്വം, ദത്തോപന്ത് ഠേംഗ്ഡി- സമ്പൂര്‍ണ കൃതികള്‍, ദീനദയാല്‍ വാങ്മയം എന്നിവയുടെ വിവര്‍ത്തനത്തിലും പങ്കാളിയായി. ആചാര്യ ധരംപാലിന്റെ നാല് പുസ്തകങ്ങള്‍, ഇന്ദുമതി മുഖര്‍ജി എഴുതിയ ചര്‍ച്ചിലിന്റെ രഹസ്യയുദ്ധം, ആര്യസമാജവും മലബാറും എന്നീ വിവര്‍ത്തന കൃതികള്‍ ഉടന്‍ പ്രസിദ്ധീകരിക്കപ്പെടും. മലയാളത്തില്‍ സംഘസാഹിത്യം എന്നു വിവക്ഷിക്കപ്പെടുന്നവയില്‍ വലിയൊരളവോളം നാരായണ്‍ജിയുടെ മഷിയുണങ്ങാത്ത പൊന്‍പേന സമ്മാനിച്ചതാണ്. എണ്‍പത്തിയഞ്ചാം വയസ്സിലും ഈ അക്ഷരസപര്യ അക്ഷീണം തുടരുകയാണ്.
ചരിത്രത്തിനൊപ്പം നടന്നവര്‍ എന്നു പലരെക്കുറിച്ചും പറയാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഇതിന് കഴിഞ്ഞ ആളാണ് നാരായണ്‍ജി. ആരുടെയും മുന്നില്‍ കയറാതെ, ആര്‍ക്കും പിന്നിലാവാതെ സഞ്ചരിക്കുകയാണ് സംഘപഥത്തിലെ ഈ സഹയാത്രികന്. അടുത്ത ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി, തൊടുപുഴയിലെ വീട്ടില്‍ ഇന്ന് 85-ാം പിറന്നാള്‍ ആഘോഷം ലളിതമായി നടത്തും.
ജീവിതരേഖ
സ്കൂള്‍ അധ്യാപകനായിരുന്ന എം.എസ്. പത്മനാഭന്‍നായരുടെയും ചെറുകോടികുളത്ത് ദേവകിയമ്മയുടേയും മകനായി 1936 മെയ് 28ന് ജനനം. തൊടുപുഴയ്ക്കടുത്ത് മണക്കാടാണ് സ്വദേശം. മണക്കാട്, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം എംജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസവും നേടി. 1951ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായി. 1957 മുതല്‍ സംഘപ്രചാരകനായി.
1974ല്‍ ജന്മഭൂമി പത്രം ആരംഭിക്കാനുള്ള ചുമതല ഏറ്റെടുത്തു. മാനേജര്‍, പ്രസാധകന്, മുഖ്യപത്രാധിപര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചു. 2000 ജനുവരിയില്‍ വിരമിച്ചു. രാജേശ്വരിയാണ് ഭാര്യ. മക്കള്‍: മനു, അനു.
മാധവ്ജി, കേളപ്പജി എന്നിവരുടെ ജീവചരിത്രങ്ങള്‍, ഡിക്ലൈന്‍ ഓഫ് കമ്യൂണിസം( ഇംഗ്ലീഷ്), ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍, ജന്മഭൂമി പ്രസിദ്ധീകരിച്ച സംഘപഥത്തിലൂടെ എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. ഏകാത്മമാനവവാദം( ദീനദയാല്‍ ഉപാദ്ധ്യായ, ഡോ. ഹെഡ്ഗേവാര്‍ (നാനപാല്കര്), ഗുരുജി-നവയുഗത്തിന്റെ തേരാളി(സി.പി. ഭിശികര്), വിഭജനത്തിന്റെ ദുഖകഥ, സങ്കല്പം കര്‍മ്മ പഥത്തില്‍( എച്ച്. വി. ശേഷാദ്രി) വിവേകാനന്ദകേന്ദ്രത്തിന്റെ ഇതിഹാസം, സേവനം ഒരു തപസ്യ(ഏകനാഥ റാനഡേ) എന്നീ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: