ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സൈനിക നേതൃത്വത്തിലുള്ളവരുമായി പ്രധാനമന്ത്രി ഉന്നത തല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സിക്കിമിലെയും ലഡാക്കിലെയും അതിര്‍ത്തികളിലെ തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്. പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചത്. അതിര്‍ത്തിയിലെ സാഹചര്യം കരസേന മേധാവി ജനറല്‍ എംഎം നരവനെ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഏറ്റെടുത്തത്. യോഗത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.
ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ ഗുര്‍ദോങ് പ്രദേശത്തേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് ഇന്ത്യയുടെ ഈ നടപടി. ലഡാക്കിലെ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടാണ് ചൈന ഈ പ്രകോപനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗുല്‍ഭോങ് സെക്ടറിന് സമീപത്തായാണ് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: